ഗ്രൂപ്പ് കളി എന്റെ രക്തത്തിലില്ല": നേതൃമാറ്റ അഭ്യൂഹങ്ങൾ തള്ളി ഡി.കെ. ശിവകുമാർ
ഷീബ വിജയ൯
ചെന്നൈ : കർണാടകയിൽ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിൽ എം.എൽ.എമാരുടെ ഡൽഹി യാത്രയെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ രംഗത്തെത്തി. ഡൽഹിയിലേക്ക് പോയ എം.എൽ.എമാർ തന്റെ അനുയായികളല്ലെന്ന് അദ്ദേഹം നിഷേധിച്ചു. 140 എം.എൽ.എമാരും തനിക്ക് പ്രധാനപ്പെട്ടവരാണെന്നും ഗ്രൂപ്പുണ്ടാക്കുക എന്നത് തന്റെ രക്തത്തിലില്ലെന്നും ഡി.കെ. വ്യക്തമാക്കി. "എനിക്ക് ഒരു ഗ്രൂപ്പുമില്ല. ഞാൻ ഒരു ഗ്രൂപ്പിന്റെയും നേതാവല്ല. 140 എം.എൽ.എമാരുടെയും പ്രസിഡന്റാണ് ഞാൻ," അദ്ദേഹം പറഞ്ഞു. നവംബർ 20 ന് സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയതോടെ അധികാര പങ്കിടൽ ഫോർമുല പ്രകാരം നേതൃമാറ്റത്തിനായി സമ്മർദ്ദം ചെലുത്താനാണ് എം.എൽ.എമാർ ഹൈക്കമാൻഡിനെ കണ്ടതെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അഞ്ച് വർഷം മുഴുവൻ മുഖ്യമന്ത്രിയായി തുടരുമെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയെ പിന്തുണച്ച ഡി.കെ., ഹൈക്കമാൻഡിനെ അനുസരിക്കുമെന്ന് താനും മുഖ്യമന്ത്രിയും ആവർത്തിച്ചു പറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. എം.എൽ.എമാരുടെ ഡൽഹി സന്ദർശനം വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടതാണെന്നും എല്ലാവരും മന്ത്രിയാകാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
cxzdxsx
