അബൂദബി വിമാനത്താവളത്തിൽ സന്ദർശകർക്ക് സൗജന്യ സിം കാർഡ്
ഷീബ വിജയ൯
അബൂദബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം കാർഡ് ലഭിക്കും. 10 ജി.ബി ഡാറ്റ സൗജന്യമായി അടങ്ങിയതാണ് ഈ സിം കാർഡുകൾ. ഇത് സന്ദർശകർക്ക് നൽകുന്നതിനായി അബൂദബി വിമാനത്താവളങ്ങളും ടെലികോം സേവനദാതാക്കളായ ഇ ആൻഡ് കമ്പനിയും തമ്മിൽ കരാറിൽ ഒപ്പുവച്ചു. 10 ജി.ബി ഡാറ്റ 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കാവുന്നതാണ്. ഈ ഡാറ്റ ഉപയോഗിച്ച് യാത്രക്കാർക്ക് വിമാനത്താവളത്തിൽ മാപ്പുകൾ, ടാക്സി സേവന ആപ്പുകൾ, പണമടക്കൽ, സന്ദേശമയക്കൽ, അബൂദബി പാസ് പോലുള്ള ഡെസ്റ്റിനേഷൻ ഗൈഡുകൾ തുടങ്ങിയ അവശ്യ ഓൺലൈൻ സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന കേന്ദ്രങ്ങളിൽ ഒന്നാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളം. 30-ൽ അധികം എയർലൈനുകളുടെ ശൃംഖല വഴി 100-ൽ അധികം യാത്രാ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനത്താവളം യാത്രക്കാരെ ബന്ധിപ്പിക്കുന്നുണ്ട്. തങ്ങളുടെ തലസ്ഥാനത്ത് ഇറങ്ങുന്ന നിമിഷം മുതൽ സന്ദർശകർക്ക് വീട്ടിലിരിക്കുന്നതുപോലെ തോന്നാൻ സഹായിക്കുന്ന വേഗമേറിയ ഡിജിറ്റൽ അനുഭവത്തിലൂടെ അവരുടെ വരവ് ലളിതമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
്േി്േി
