ദുൽഖറിന്റെ വാഹനം പിടിച്ചെടുത്തത് രഹസ്യാന്വേഷണ വിവരത്തിന്റെയും ബോധ്യത്തിന്‍റേയും അടിസ്ഥാനത്തിൽ'; കസ്റ്റംസ് ഹൈക്കോടതിയിൽ

ഷീബ വിജയൻ
കൊച്ചി I ഓപ്പറേഷൻ നുംഖോറിൽ നടൻ ദുൽഖർ സൽമാന്റെ വാഹനം പിടിച്ചെടുത്തത് രഹസ്യാന്വേഷണ വിവരത്തിന്റെയും ബോധ്യത്തിന്‍റേയും അടിസ്ഥാനത്തിലെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ. ഓപ്പറേഷൻ നുംഖോറിൽ ദുൽഖാർ സമർപ്പിച്ച ഹരജിയിലാണ് കസ്റ്റംസിന്റെ വാദം. ഉടമസ്ഥാവകാശം സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കാൻ സമയം വേണമെന്നും ദുൽഖറിന്റെ ഹരജി നിയമപരമായി നിലനിൽക്കില്ലെന്നും കസ്റ്റംസ് വാദിച്ചു. നിയമപരമായ എല്ലാ രേഖകളും കൈവശമുണ്ടെന്നും അത് പരിശോധിക്കാതെ കസ്റ്റംസ് വാഹനം കൊണ്ടുപോയെന്നുമാണ് ദുൽഖർ ഹരജിയിൽ പറയുന്നത്. എന്നാൽ നിയമവശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇതിനെ കസ്റ്റംസ് എതിർക്കുന്നത്. ഈ വിഷയം ആദ്യമുന്നയിക്കേണ്ടത് കസ്റ്റംസ് അപ്പലേറ്റ് ട്രിബ്യൂണലിലാണ്. അത് ചെയ്യാതെ വാഹനം ഇപ്പോൾ തന്നെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കസ്റ്റംസ് പറയുന്നു.
ഇത്തരത്തിൽ നിയമപരമല്ലാതെ ഇറക്കുമതി ചെയ്ത നിരവധി വാഹനങ്ങൾ കേരളത്തിൽ ഓടുന്നുണ്ട്. ഇത്തരം 130ലേറെ വാഹനങ്ങളെ സംബന്ധിച്ച ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയിലേക്ക് കടന്നത്. ഇപ്പോഴും പരിശോധനകൾ നടക്കുകയും സമൻസ് നൽകുകയും ചെയ്തിട്ടുണ്ട്. പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്. കസ്റ്റംസ് ആക്ട് പ്രകാരം ആറ് മാസം വരെ പരിശോധന നീളാം. കൂടുതൽ സമയം ആവശ്യമെങ്കിൽ പരിശോധന നീട്ടുകയും ചെയ്യാം. അങ്ങനെ പരിശോധനകൾ നടക്കുന്ന ഘട്ടത്തിൽ തന്നെ വാഹനം വിട്ടുകിട്ടണമെന്ന ആവശ്യം അപക്വമാണെന്നും കസ്റ്റംസ് വാദിച്ചു. അതേസമയം, അന്വേഷണം നടക്കുകയല്ലേ, ഇടപെടേണ്ട സാഹചര്യമുണ്ടോ എന്ന് കോടതി ചോദിച്ചു. അന്വേഷണം നടക്കുന്നത് രേഖകൾ കേന്ദ്രീകരിച്ചല്ലേ, വാഹനം കൈയിൽ വയ്ക്കേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു. വാഹനം വിട്ടുകിട്ടണമെങ്കിൽ 17 ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടി വേണമെന്ന് കസ്റ്റംസ് പറഞ്ഞു. ഇത് കെട്ടിവയ്ക്കാമെന്ന് ദുൽഖർ മറുപടി നൽകി.
asasdasas