ആവേശത്തുടിപ്പിൽ ഖത്തർ ബോട്ട് ഷോ
ഷീബ വിജയൻ
ദോഹ: ആഡംബര നൗകകളുടെയും ചെറുവള്ളങ്ങളുടെയും ആവേശത്തുടിപ്പിൽ ഖത്തർ ബോട്ട് ഷോ. ഓൾഡ് ദോഹ പോർട്ട് വേദിയാകുന്ന രണ്ടാമത് ഖത്തർ ബോട്ട് ഷോ ആരംഭിച്ചു. ബുധനാഴ്ച തുടങ്ങിയ ബോട്ട് ഷോ ശനിയാഴ്ച വരെ നീണ്ടുനിൽക്കും. ദോഹയിലെ പ്രശസ്തമായ ഓൾഡ് ദോഹ പോർട്ട് വിനോദ സഞ്ചാര മേഖലയുടെയും ജലമേളകളുടെയും ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ടാണ് ബോട്ട് ഷോ അരങ്ങേറുന്നത്. രണ്ടാമത് ഖത്തർ ബോട്ട് ഷോ പങ്കാളിത്തം കൊണ്ട് ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. 505 ആഗോള, പ്രാദേശിക ബ്രാൻഡുകൾ, 85 എക്സിബിറ്റർമാർ, 25 രാജ്യങ്ങളിൽനിന്നായി 65ഓളം യാച്ചുകൾ എന്നിവ പ്രദർശനത്തിൽ അണിനിരക്കുന്നുണ്ട്. എക്സിബിറ്റർമാരിൽ 50 ശതമാനത്തിലധികം പ്രാദേശിക, ഖത്തരി കമ്പനികളാണ്. ഗൾഫ് ക്രാഫ്റ്റ്, ഫ്രേസർ യാച്ച്സ്, സൺസീക്കർ, സൺറീഫ് യാച്ച്സ്, ദോഹ ക്രാഫ്റ്റ് എന്നിവയുൾപ്പെടെ പ്രശസ്ത അന്താരാഷ്ട്ര നിർമാതാക്കളുടെ യാച്ചുകളുടെയും ബോട്ടുകളുടെയും ശ്രദ്ധേയമായ ഒരുനിര തന്നെ ബോട്ട് ഷോയിൽ അണിനിരന്നു. ലോകമെമ്പാടുമുള്ള കടൽ വിനോദ വ്യവസായ മേഖലയിലെ വമ്പന്മാരെല്ലാം ദോഹയിൽ ഒന്നിക്കുന്നുവെന്ന സവിശേഷതയോടെയാണ് ബോട്ട് ഷോക്ക് വേദിയൊരുക്കുന്നത്. ഇന്ന് വെള്ളിയാഴ്ച വൈകീട്ട് നാലുമണി മുതൽ രാത്രി 10 വരെയും ശനിയാഴ്ച നാലുമണി മുതൽ രാത്രി ഒമ്പതുമണി വരെയുമാണ് ബോട്ട് ഷോയുടെ സമയം.
asdsaasdas
