തീർഥാടകർക്ക് തടസ്സമുണ്ടാക്കരുത്: മക്ക ഹറമിലെ ‘മത്വാഫ്’ ഏരിയയിൽ നമസ്കരിക്കരുത്
ഷീബ വിജയ൯
സൗദിഅറേബ്യ: തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി കഅ്ബക്ക് ചുറ്റുമുള്ള ‘മത്വാഫ്’ (പ്രദക്ഷിണ സ്ഥലം) ഏരിയയിൽ നമസ്കരിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുസുരക്ഷാ വിഭാഗം അഭ്യർഥിച്ചു. മസ്ജിദുൽ ഹറാമിനുള്ളിൽ പ്രദക്ഷിണം ചെയ്യുമ്പോൾ ഭക്തരുടെ സഞ്ചാരത്തെ വ്യവസ്ഥാപിതമാക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു. മത്വാഫിൽ നമസ്കരിക്കുന്നത്, പ്രത്യേകിച്ച് തിരക്ക് ശക്തമാകുമ്പോൾ തീർഥാടകരുടെ ഒഴുക്കിനെ തടസ്സപ്പെടുത്താനും ത്വവാഫിന്റെ സുഗമമായ സഞ്ചാരത്തെ ബാധിക്കാനും സാധ്യതയുണ്ട്. ത്വവാഫ് ചെയ്യുന്നവർക്ക് മാത്രമുള്ളതാണ് മത്വാഫ് എന്നും, തീർഥാടകർക്ക് അവരുടെ കർമങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും നിർവഹിക്കാൻ കഴിയണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സന്ദർശകരുടെ സുരക്ഷയും തിരക്കോ തടസ്സമോ ഇല്ലാതെ സുഗമമായ സഞ്ചാരവും ഉറപ്പാക്കുന്ന സമഗ്രമായ സുരക്ഷാസംവിധാനത്തിന്റെ ഭാഗമായാണ് ഈ ക്രമീകരണം. സുരക്ഷിതവും ആത്മീയവുമായ അന്തരീക്ഷത്തിൽ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ക്രമീകൃതമായ ചലനം ഉറപ്പാക്കുന്നതിനും അധികാരികൾ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നുണ്ട്.
cfvbdfffd
