ഒമാനിൽ സുപ്രീം കമ്മറ്റി നിർദ്ദേശങ്ങൾ ലംഘിച്ച ഒന്പത് റെസ്റ്റോറന്റുകൾക്കെതിരെ നടപടി
മസ്‌കറ്റ്: ഒമാനിൽ സുപ്രീം കമ്മറ്റി നിർദ്ദേശങ്ങൾ ലംഘിച്ച ഒന്പത് റെസ്റ്റോറന്റുകൾക്കെതിരെ നടപടിയെടുത്തതായി മസ്‌കറ്റ് നഗരസഭ. ഖുറം, അൽ ഖുവൈർ മേഖലകളിലെ റെസ്റ്റോറന്റുകൾക്കെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്. രാത്രി നിയന്ത്രണം തുടങ്ങുന്ന എട്ടു മണിക്ക് ശേഷം റെസ്റ്റോറന്റിനകത്ത് ആളുകളെ ഇരുത്തിയതിനാണ് നടപടി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. രാത്രി എട്ടുമണിക്ക് ശേഷം ഹോം ഡെലിവറി, ടേക്ക് എവേ സേവനങ്ങൾ മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്.
കഴിഞ്ഞ മാർച്ച് നാലിനാണ് വ്യാപാരസ്ഥാപനങ്ങൽക്ക് രാത്രി അടച്ചിടൽ ബാധകമാക്കിയത്. ഈ തീരുമാനം ഇളവുകളോടെ ഏപ്രിൽ മൂന്നു വരെ നീട്ടിയിരുന്നു. രാത്രി അടച്ചിടൽ നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 300 റിയാൽ പിഴ ചുമത്തുമെന്ന് മസ്‌കറ്റ് നഗരസഭ നേരത്തെ അറിയിച്ചിരുന്നു. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ 1,000 റിയാലായി ഉയരും.

