കുട്ടികളുടെ ഓൺലൈൻ സുരക്ഷാ ബില്ലിൽ മാറ്റങ്ങൾ വരുത്തണമെന്ന് ബഹ്റൈൻ സർക്കാർ


പ്രദീപ് പുറവങ്കര

ബഹ്‌റൈനിൽ കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ശൂറ കൗൺസിൽ സമർപ്പിച്ച കരട് നിയമത്തിൽ സമഗ്രമായ പുനഃപരിശോധന വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. നിർദേശിച്ചിരിക്കുന്ന ബിൽ പ്രൈവസി ലംഘനത്തിന് ഇടയാക്കുമെന്നും നിലവിലുള്ള നിയമങ്ങളുമായി ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും നടപ്പാക്കാൻ പ്രയാസമാണെന്നും ചൂണ്ടിക്കാണിച്ചാണ് സർക്കാർ ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. 15 വയസ്സിന് താഴെയുള്ള കുട്ടികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് നിരോധിക്കുക, പ്രായം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ബില്ലിലുള്ളത്.

15 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കായി പ്ലാറ്റ്‌ഫോമുകൾ സ്വകാര്യതാ ക്രമീകരണങ്ങൾ നൽകണമെന്നും രക്ഷിതാക്കൾ കുട്ടികളുടെ ഓൺലൈൻ ഉപയോഗം നിരീക്ഷിക്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിക്കും (TRA) ഇതിൽ ചില ചുമതലകൾ നൽകിയിട്ടുണ്ട്. എന്നാൽ, ഈ രൂപത്തിലുള്ള കരട് നിയമത്തിന് വ്യക്തിഗത ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ മതിയായ വ്യവസ്ഥകളില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഉപയോക്താക്കളുടെ പ്രായം പരിശോധിക്കാൻ ഏതൊക്കെ വിവരങ്ങൾ ശേഖരിക്കാമെന്ന് വ്യക്തതയില്ലാത്തത് വ്യക്തികളുടെ സ്വകാര്യതയെ ബാധിച്ചേക്കാം.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും ഹാനികരമായ ഉള്ളടക്കങ്ങളുടെയും നിർവചനം അവ്യക്തമാണെന്നും അളക്കാവുന്ന മാനദണ്ഡങ്ങളുടെ അഭാവം നിയമം നടപ്പാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും സർക്കാർ വിലയിരുത്തുന്നു. പല ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്നതിനാൽ ഇവയുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പ്രായോഗികമായി വെല്ലുവിളിയാണ്. ടെലികമ്മ്യൂണിക്കേഷൻ റെഗുലേഷൻ ലോ, സൈബർ ക്രൈം ലോ, പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ലോ തുടങ്ങിയ നിരവധി നിയമങ്ങൾ ഇതിനകം ബഹ്‌റൈനിലുണ്ട്. അതിനാൽ, പുതിയ സമാന്തര നിയമം കൊണ്ടുവരുന്നത് നിലവിലുള്ള നിയമങ്ങളുമായി ആവർത്തനത്തിനും ആശയക്കുഴപ്പത്തിനും കാരണമാകും.

അതേസമയം, കുട്ടികളെ ഓൺലൈൻ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സർക്കാർ അംഗീകരിക്കുന്നുണ്ടെങ്കിലും നിയമപരമായ വ്യക്തതയും ഫലപ്രദമായ നടപ്പാക്കൽ സംവിധാനങ്ങളും ഉറപ്പാക്കാൻ കരട് നിയമം തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഈ കരട് നിയമം പാർലമെന്റിലേക്ക് അയച്ചിരിക്കുന്നത്. നിലവിൽ ഇത് അവലോകനത്തിനായി സർവീസസ് കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്.

article-image

രരരുരപ

You might also like

  • Lulu Exchange
  • Straight Forward

Most Viewed