സോളാർ ഗൂഢാലോചനക്കേസ്: ഉമ്മൻചാണ്ടിക്കെതിരെ ഗണേഷ് കുമാറും സരിതയും ഗൂഢാലോചന നടത്തിയെന്ന് മുൻ മന്ത്രി കെ. ബാബു
ശാരിക
കൊല്ലം: സോളാർ ഗൂഢാലോചന കേസിൽ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ നിർണായക മൊഴിയുമായി മുൻ മന്ത്രി കെ. ബാബു. ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നതിനായി ഗണേഷ് കുമാറും കേസിലെ പ്രധാന പ്രതി സരിത എസ്. നായരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് കെ. ബാബു കോടതിയിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുള്ളത്. അഭിഭാഷകൻ സുധീർ ജേക്കബ് നൽകിയ പരാതിയിലാണ് ഈ നടപടി.
സരിതയുടെ പങ്കാളിയായിരുന്ന ബിജു രാധാകൃഷ്ണൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഗണേഷ് കുമാറിനെതിരെ നേരിട്ട് പരാതി നൽകിയിരുന്നതായും മൊഴിയിലുണ്ട്. 2012-ൽ എറണാകുളം ഗസ്റ്റ് ഹൗസിൽവെച്ചായിരുന്നു ഇത്. പിന്നീട് ഉമ്മൻചാണ്ടി ഈ വിഷയം തന്നോട് സൂചിപ്പിക്കുകയും എന്തു ചെയ്യണമെന്ന് ചോദിക്കുകയും ചെയ്തു. ബിജു രാധാകൃഷ്ണന്റെ പങ്കാളിയെ വിട്ടുനൽകാൻ ഗണേഷിനോട് ആവശ്യപ്പെടാമെന്ന് താൻ തമാശയായി മറുപടി നൽകിയതായും കെ. ബാബു കോടതിയിൽ പറഞ്ഞു.
ആ കാലയളവിലാണ് ഗണേഷിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങളുണ്ടായത്. തുടർന്ന് 2013-ൽ ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവെച്ചു. 2014-ൽ ഉമ്മൻചാണ്ടി, ഷിബു ബേബി ജോൺ, കെ.സി. ജോസഫ്, കെ. ബാബു എന്നിവർ ചേർന്ന് ഗണേഷും ഭാര്യ യാമിനിയും തമ്മിലുള്ള കുടുംബപ്രശ്നങ്ങളിൽ മധ്യസ്ഥത വഹിച്ചിരുന്നു. പിന്നീട് ഇവർ നിയമപരമായി ബന്ധം വേർപ്പെടുത്തുകയാണുണ്ടായത്.
തുടർന്ന് മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്താൻ ശ്രമിച്ച ഗണേഷിന് പ്രധാനമായും വെല്ലുവിളിയായത് ആർ. ബാലകൃഷ്ണപിള്ളയുടെ എതിർപ്പും ബിജു രാധാകൃഷ്ണന്റെ പരാതിയുമാണ്. മന്ത്രിസഭയിലേക്ക് തിരിച്ചെത്താൻ സാധിക്കാത്ത ഈ വൈരാഗ്യത്തോടെയാണ് ഗണേഷ് കുമാർ പിന്നീട് പ്രവർത്തിച്ചതെന്നും മൊഴിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിനിടയിലാണ് സരിത ജയിലിൽ നിന്ന് 21 പേജുള്ള കത്തെഴുതിയതും, ആ കത്തിൽ അധികമായി ചേർത്ത നാല് പേജുകളിലാണ് ഉമ്മൻചാണ്ടിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെയുള്ള ആരോപണങ്ങൾ ഉൾപ്പെടുത്തിയതെന്നും കെ. ബാബു വ്യക്തമാക്കി. കേസിൽ ജയ്ഹിന്ദ് ചാനൽ ക്യാമറാമാനായിരുന്ന കെ. ദിലീപും കഴിഞ്ഞ ദിവസം കോടതിയിൽ മൊഴി നൽകിയിരുന്നു.
zdcvzcv

