സിഎംആർഎൽ - എക്സാലോജിക് കേസ്: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി; ഇഡി കേസെടുത്തു
ശാരിക
കൊച്ചി: ഏറെ കോലാഹലം സൃഷ്ടിച്ച സിഎംആർഎൽ- എക്സാലോജിക് അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും തിരിച്ചടി. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാൻ അനുമതി തേടി നൽകിയ ഉപഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. വിജിലൻസ് നിയമപരമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ അപ്പീലിന് അനുമതി നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി. എ. മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് ഉപഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. സിംഗിൾ ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ ഇവർ കക്ഷികളല്ലാതിരുന്നതിനാലാണ് അപ്പീൽ നൽകാൻ ഡിവിഷൻ ബെഞ്ചിന്റെ പ്രത്യേക അനുമതി തേടിയത്. ജസ്റ്റിസുമാരായ കെ. നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹർജിയിൽ സംസ്ഥാന സർക്കാർ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), സിംഗിൾ ബെഞ്ചിലെ ഹർജിക്കാരൻ കെ. എം. ഷാജഹാൻ എന്നിവരുടെ വാദം ഡിവിഷൻ ബെഞ്ച് വിശദമായി കേട്ടിരുന്നു.
സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തെ (SIT) റദ്ദാക്കിക്കൊണ്ട്, ഇ.ഡി കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതിന്റെ ഭാഗമായി അഴിമതി നിരോധന നിയമപ്രകാരം രണ്ട് എഫ്.ഐ.ആറുകൾ വിജിലൻസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, കേസിൽ നടപടികൾ കൂടുതൽ കടുപ്പിച്ചുകൊണ്ട് ഇ.ഡിയും രംഗത്തെത്തി. വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, പി. എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇ.ഡി കേസ് എടുക്കുകയും രണ്ട് ഇ.സി.ഐ.ആറുകൾ (ECIR) രജിസ്റ്റർ ചെയ്യുകയും ചെയ്തു.
േോി്േിോ

