എഫ്1 ബഹ്റൈൻ ഗ്രാൻഡ് പ്രീ 2027: ഏർലി ബേർഡ് ടിക്കറ്റ് നിരക്കിളവിന്റെ അവസാന തീയതി ഞായറാഴ്ച
പ്രദീപ് പുറവങ്കര
മിഡിൽ ഈസ്റ്റിലെ മോടോർസ്പോർട്ടിന്റെ ആസ്ഥാനമായ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ (ബി.ഐ.സി) നടക്കുന്ന 2027 ലെ ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ ടിക്കറ്റുകൾക്കായുള്ള 'ഏർലി ബേർഡ്' ഓഫർ ഈ വരുന്ന ഞായറാഴ്ച (ഒക്ടോബർ 18) അർദ്ധരാത്രി 12 മണിയോടെ അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. 20% വരെ വിലക്കിഴിവോടെയാണ് ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്. വരുന്ന വർഷം മാർച്ച് 12 മുതൽ 14 വരെ സാഖിറിലാണ് സീസണിലെ ആദ്യ എഫ്1 റേസ് വീക്കെൻഡ് അരങ്ങേറുന്നത്. ബഹ്റൈന്റെ ചരിത്രത്തിൽ ആദ്യമായി ഒരു എഫ്1 സ്പ്രിന്റ് റേസും ഈ വാരാന്ത്യത്തിന്റെ പ്രത്യേകതയാണ്.
പ്രധാന ഗ്രാൻഡ്സ്റ്റാൻഡ്, ടേൺ 1 ഗ്രാൻഡ്സ്റ്റാൻഡ്, ബെയോൻ ഗ്രാൻഡ്സ്റ്റാൻഡ്, യൂണിവേഴ്സിറ്റി ഗ്രാൻഡ്സ്റ്റാൻഡ്, വിക്ടറി ഗ്രാൻഡ്സ്റ്റാൻഡ് എന്നിങ്ങനെ എല്ലാ പ്രധാന ഗ്രാൻഡ്സ്റ്റാൻഡുകളിലെയും മൂന്ന് ദിവസത്തെ ടിക്കറ്റുകൾക്ക് ഈ ഓഫർ ബാധകമാണ്. ഓഫർ പ്രകാരം പ്രധാന ഗ്രാൻഡ്സ്റ്റാൻഡിന് 156 ബഹ്റൈൻ ദീനാറും, ടേൺ 1-ന് 112 ദീനാറും, ബെയോൻ ഗ്രാൻഡ്സ്റ്റാൻഡിന് 104 ദീനാറും, യൂണിവേഴ്സിറ്റി ഗ്രാൻഡ്സ്റ്റാൻഡിന് 60 ദീനാറും, വിക്ടറി ഗ്രാൻഡ്സ്റ്റാൻഡിന് 56 ദീനാറുമാണ് ടിക്കറ്റ് നിരക്ക്. ലോക ചാമ്പ്യൻഷിപ്പ് കലണ്ടറിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകളിൽ ഒന്നാണിത്. bahraingp.com എന്ന വെബ്സൈറ്റ് വഴിയോ +973-17450000 എന്ന ഹോട്ട്ലൈൻ നമ്പറിലോ ബന്ധപ്പെട്ട് ടിക്കറ്റുകൾ സ്വന്തമാക്കാം.
ഗ്രാൻഡ് പ്രീ വാരാന്ത്യത്തിന് മുന്നോടിയായി ഫെബ്രുവരി 24 മുതൽ 27 വരെ എഫ്1 പ്രീ-സീസൺ ടെസ്റ്റിംഗിനും ബി.ഐ.സി ആതിഥ്യം വഹിക്കും. പുതിയ കാറുകൾ ട്രാക്കിൽ ഒന്നിച്ച് കാണാനുള്ള സുവർണ്ണാവസരമാണിത്. ടെസ്റ്റ് ടിക്കറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. ബഹ്റൈൻ ഗ്രാൻഡ് പ്രീ ഈ വർഷം എഫ്1 സീസൺ ഓപ്പണർ ആയി മാറുന്ന ഏഴാം തവണയാണിത്. ലോകമെമ്പാടുമുള്ള ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
dsff

