ബഹ്‌റൈൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകണമെന്ന് എം.പി ജലാൽ അൽ ഖദം


പ്രദീപ് പുറവങ്കര

ബഹ്‌റൈനിൽ പ്രവാസി തൊഴിലാളികൾക്ക് പകരം യോഗ്യരായ സ്വദേശി പൗരന്മാർക്ക് നിയമനം നൽകുന്നതിനായി നിർബന്ധിത നിയമനിർമ്മാണവും വ്യക്തമായ ദേശീയ തൊഴിൽ നയവും വേണമെന്ന് പാർലമെന്റ് അംഗം ജലാൽ അൽ ഖദം ആവശ്യപ്പെട്ടു. പബ്ലിക്, പ്രൈവറ്റ് സെക്ടറുകളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ നിയമനിർമ്മാണം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെയും തൊഴിൽ മന്ത്രാലയത്തിന്റെയും കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ അഞ്ച് ലക്ഷത്തിലധികം പ്രവാസി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കൽ, എച്ച്.ആർ, സപ്പോർട്ടിംഗ് റോളുകൾ എന്നിവയിലായി ഒന്നര ലക്ഷത്തിലധികം പ്രവാസികളാണുള്ളത്. യോഗ്യരായ ബഹ്‌റൈൻ പൗരന്മാർക്ക് തികച്ചും അനുയോജ്യമായ മേഖലകളാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വകാര്യ മേഖലയിലെ 30 തസ്തികകൾ ബഹ്‌റൈനികൾക്ക് മാത്രമായി സംവരണം ചെയ്യുന്നതിനുള്ള നിയമനിർമ്മാണം സമർപ്പിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. യോഗ്യരായ സ്വദേശികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പ്രവാസികളെ നിയമിക്കാൻ ഇതിൽ ഇളവുണ്ടാകും. ഒൻപത് മാസത്തിനിടെ സ്വകാര്യ മേഖലയിൽ 18,000 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത ജലാൽ അൽ ഖദം, പ്രതിവർഷം ബിരുദപഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന 30,000-ത്തോളം ബഹ്‌റൈനികളുടെ ഭാവി കൂടി നയരൂപീകരണത്തിൽ കണക്കിലെടുക്കണമെന്ന് ഓർമ്മിപ്പിച്ചു.

സ്വകാര്യ കമ്പനികൾക്ക് പുറമെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്കും ബഹ്‌റൈനൈസേഷൻ വ്യാപിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം 47 സ്ഥാപനങ്ങളിലായി നാല്പതിനായിരത്തിലധികം പ്രവാസികൾ ജോലി ചെയ്യുന്നുണ്ടെന്നും യോഗ്യരായ സ്വദേശികളെ നിയമിക്കാവുന്ന തസ്തികകൾ കണ്ടെത്തുന്നതിന് അടിയന്തര പുനഃപരിശോധന വേണമെന്നും എം.പി ആവശ്യപ്പെട്ടു.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed