ബഹ്റൈനിൽ യൂറോപ്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങളിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് യൂറോപ്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ഇൻ ബഹ്‌റൈൻ (ECBH) ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ജർമ്മൻ അംബാസഡർ ഹെന്നിംഗ് സിമൺ, ബഹ്‌റൈനിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ക്രിസ്റ്റോഫ് ഫാർനോ എന്നിവരുടെ സംയുക്ത ആതിഥേയത്വത്തിൽ ജർമ്മൻ അംബാസഡറുടെ സാറിലെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രഖ്യാപനം.

ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റോ, ഗൾഫ് മേഖലയിലെ യൂറോപ്യൻ യൂണിയൻ പ്രത്യേക പ്രതിനിധി ലൂയിജി ദി മായോ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. ഫ്രാൻസ്, ഇറ്റലി, സൈപ്രസ് എന്നീ രാജ്യങ്ങളിലെ അംബാസഡർമാർ, ബഹ്‌റൈനിലെ പ്രമുഖ വ്യവസായ പ്രമുഖർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

യൂറോപ്യൻ യൂണിയന്റെ പൂർണ്ണ പിന്തുണയോടെ ആരംഭിച്ച ചേംബർ, ബഹ്‌റൈനിൽ പ്രവർത്തിക്കുന്നതോ പുതിയതായി കടന്നുവരാൻ ആഗ്രഹിക്കുന്നതോ ആയ യൂറോപ്യൻ കമ്പനികൾക്കും, യൂറോപ്യൻ യൂണിയന്റെ 27 അംഗ രാജ്യങ്ങളുടെ സിംഗിൾ മാർക്കറ്റിലേക്ക് ബിസിനസ്സ് വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്ന ബഹ്‌റൈനി സംരംഭകർക്കും ഒരു പ്രയോജനപ്രദമായ വേദിയായി പ്രവർത്തിക്കും.

ചടങ്ങിൽ സംസാരിച്ച വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റോ, ബഹ്‌റൈനും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് ഓർമ്മിപ്പിച്ചു. ആഗോളതലത്തിൽ ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിൻ, ഭക്ഷ്യ-ഔഷധ സുരക്ഷ തുടങ്ങിയ മേഖലകളിൽ വലിയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ സഹകരണം കൂടുതൽ നിർണ്ണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വരും നാളുകളിൽ ഉഭയകക്ഷി വ്യാപാരത്തിനപ്പുറം കൂടുതൽ നിക്ഷേപങ്ങളും സംയുക്ത സംരംഭങ്ങളും രൂപപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മേഖലയിൽ ഭീകരവാദവും ഇറാൻ അനുബന്ധ അക്രമങ്ങളും ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികൾക്കിടയിലും ഈ പങ്കാളിത്തം തന്ത്രപ്രധാനമാണെന്ന് ഇ.യു പ്രതിനിധി ലൂയിജി ദി മായോ അഭിപ്രായപ്പെട്ടു. ഗൾഫ് മേഖലയിലെ നിലവിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും ഇരു സമ്പദ്‌വ്യവസ്ഥകൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ചേംബർ നിർണ്ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യൂറോപ്പിന് ബഹ്‌റൈനുമായുള്ള ശക്തമായ പങ്കാളിത്തത്തിന്റെ തെളിവാണ് ഈ സംരംഭമെന്ന് ജർമ്മൻ അംബാസഡർ ഹെന്നിംഗ് സിമൺ വ്യക്തമാക്കി. വിപണി വിവരങ്ങൾ, ശൃംഖലകൾ, സാധ്യതയുള്ള പങ്കാളികൾ എന്നിവ ലഭ്യമാക്കിക്കൊണ്ട് ബിസിനസുകളെ സഹായിക്കാൻ ചേംബർ മുന്നിലുണ്ടാകും.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed