രാഹുൽ ഗാന്ധിക്കെതിരായ മയക്കുമരുന്ന് പരാമർശം: ബിജെപി കൗൺസിലർ ശ്രീലേഖയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്
ശാരിക
കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ഡിജിപിക്ക് പരാതി നൽകി. ബുധനാഴ്ച പുനലൂരിൽ നടന്ന ബിജെപിയുടെ പ്രതിഷേധ ജനസഭയ്ക്കിടെയായിരുന്നു ശ്രീലേഖയുടെ പ്രകോപനപരമായ പ്രസംഗം.
ഡൽഹിയിൽ നടക്കുന്നത് രാഹുൽ ഗാന്ധിയുടെ താണ്ഡവമാണെന്നും അമിതമായി മയക്കുമരുന്ന് കഴിച്ച ആളെയപ്പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നുമായിരുന്നു ശ്രീലേഖ ആരോപിച്ചത്. എന്നാൽ, ഈ പ്രസ്താവന വെറുമൊരു രാഷ്ട്രീയ വിമർശനമായി കാണാനാകില്ലെന്നും വിഷയത്തിൽ അതീവ ഗൗരവമുള്ള പരിശോധനയും കേസെടുക്കലും ആവശ്യമാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
രാഹുൽ ഗാന്ധിയുടെ സൽപ്പേരിനെയും വിശ്വാസ്യതയെയും മനഃപൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്ന് വിഷ്ണു സുനിൽ ആരോപിച്ചു. കൂടാതെ, മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച ശേഷമുള്ള പെരുമാറ്റത്തെ 'താണ്ഡവം' എന്ന് വിശേഷിപ്പിച്ചത് ഹൈന്ദവ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ോേ്ിി

