ഡൽഹിയിൽ എൻ.എസ്.യു നേതാവിന് മർദനം: ഡൽഹി പൊലീസിനെതിരെ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്
ശാരിക
തിരുവനന്തപുരം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ എൻ.എസ്.യു നേതാക്കൾക്കുനേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ ഡൽഹി പൊലീസിനെതിരെ കേസെടുത്ത് കേരള പൊലീസ്. എൻ.എസ്.യു നേതാവ് ആതിര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് ഡൽഹി പൊലീസിനെതിരെ അസാധാരണ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഒക്ടോബർ 13-ന് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ തന്നെ ക്രൂരമായി മർദിച്ചതായി ആതിര ഉൾപ്പെടെയുള്ള നേതാക്കൾ വെളിപ്പെടുത്തിയിരുന്നു. മർദനമേറ്റ ഇവർ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം വാർത്താസമ്മേളനത്തിലും പങ്കെടുത്തിരുന്നു. പൊതുജനമധ്യത്തിലൂടെ ബലമായി വലിച്ചിഴച്ചു കൊണ്ടുപോകുകയും വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. നാല് വനിതാ പൊലീസുകാർ മാറിമാറി മുഖത്തടിക്കുകയും കൈകൾ പിന്നിലേക്ക് പിടിച്ച് തിരിക്കുകയും ചെയ്തു. കൈവശമുണ്ടായിരുന്ന ഫോൺ പിടിച്ചെടുത്ത് വലിച്ചെറിയുകയും വയറ്റിലും സ്വകാര്യഭാഗങ്ങളിലും ചവിട്ടുകയും ചെയ്തതായും ആതിര വ്യക്തമാക്കിയിരുന്നു.
സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ ഡി.ജി.പി രവാഡ ചന്ദ്രശേഖർ നൽകിയ നിർദേശത്തെ തുടർന്നാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ എടുത്തുപറയാതെയാണ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയ ശേഷമായിരിക്കും ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുക.
ഭാരതീയ ന്യായ സംഹിതയിലെ (BNS) 74, 76, 115, 117, 126, 296(b), 351(3) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മറ്റൊരു സംസ്ഥാനത്ത് നടന്ന പൊലീസ് അതിക്രമത്തിൽ കേരള പൊലീസ് കേസ രജിസ്റ്റർ ചെയ്തത് വലിയ നിയമപരമായ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ഡൽഹി പൊലീസുകാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ ഇത് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമോ എന്നതും വരും ദിവസങ്ങളിൽ നിർണായകമാകും.
ിേ്ി

