പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം ഫെബ്രുവരി 11ന്
മസ്‌കറ്റ് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം ഫെബ്രുവരി 11 നെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ മാസം 9 മുതൽ ഗൾഫ് മേഖലയിലെ 3 പ്രധാന രാജ്യങ്ങളിലാണ് മോദി സന്ദർശനം നടത്തുന്നത്. ഫെബ്രുവരി 9 നു പാലസ്തീനിൽ എത്തുന്ന പ്രധാനമന്ത്രി യു. എ. ഇ സന്ദർശനത്തിനുശേഷം 11 നു മസ്കറ്റിലെത്തും. ഊർജ്ജം, സുരക്ഷാകാര്യങ്ങൾ, ഭീകരവിരുദ്ധ നടപടികൾ എന്നിവയെക്കുറിച്ച് സുപ്രധാന ചർച്ചകൾ സന്ദർശനത്തിൽ ഉണ്ടാകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഒമാനിലെത്തുന്ന പ്രധാനമന്ത്രി രാഷ്ട്രനേതാക്കളുമായി ചർച്ച നടത്തും. സുൽത്താൻ ഗ്രാൻഡ് മസ്ജിദും മസ്കറ്റിലെ ക്ഷേത്രവും സന്ദർശ്ശിക്കും. ഇന്ത്യക്കും ഒമാനുമിടയിൽ സുരക്ഷാ വിഷയങ്ങളിൽ സഹകരണം ശക്തമാക്കുവാൻ സന്ദർശനം ഇടയാക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒമാനിലേക്ക് നരേന്ദ്ര മോദിയുടെ ആദ്യസന്ദർശനമാണ്. പാലസ്തീനിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശ്ശനമാണ്. 11 നു മോദി ഇന്ത്യൻ കമ്മ്യൂണിറ്റിയെ അഭിസംബോധന ചെയ്യുന്ന ബൗ ഷർ സുൽത്താൻ ഖാബൂസ് സ്പോർട്ട്സ് കോമ്പ്ലക്സിൽ ഏകദേശം 25,000 ആളുകൾ പങ്കെടുക്കുമെന്ന് കരുതുന്നു.
ഈ ഇവന്റിലേക്ക് രജിസ്റ്റർ ചെയ്തിരുന്നവരുടെ പാസ്സുകൾ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് വഴി ലഭ്യമാക്കിയിട്ടുണ്ട്. വൻ സുരക്ഷാ സന്നാഹങ്ങളാണ് പരിപാടിയുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ എംബസ്സിയും ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമാണ് പ്രധാനമന്ത്രിയുടെ സന്ദർശ്ശനത്തിന്റെ പരിപാടികൾക്ക് നേതൃത്ത്വം നൽകുന്നത്.
