ബഹ്‌റൈൻ-ബ്രിട്ടൻ പ്രതിരോധ സഹകരണം ശക്തമാക്കും; ബ്രിട്ടീഷ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഹമദ് രാജാവ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ജോൺ ഹീലിയെ ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധവും സൈനിക-പ്രതിരോധ മേഖലകളിലെ സഹകരണവും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമായി.
ബഹ്‌റൈനും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള ദീർഘകാലത്തെ സഖ്യത്തിലും സംയുക്ത ഏകോപനത്തിലും താൻ അഭിമാനിക്കുന്നുവെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. പ്രതിരോധ മേഖലയിലുൾപ്പെടെ വിവിധ തലങ്ങളിൽ ഈ പങ്കാളിത്തം കൂടുതൽ വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള ഇരുരാജ്യങ്ങളുടെയും താൽപ്പര്യം അദ്ദേഹം എടുത്തുപറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിൽ ബ്രിട്ടൻ വഹിക്കുന്ന നിർണ്ണായക പങ്കിനെ രാജാവ് പ്രശംസിച്ചു.
പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും പ്രാദേശിക-അന്തർദേശീയ തലത്തിലെ പ്രധാന വികാസങ്ങളും ഇരുനേതാക്കളും വിലയിരുത്തി. പൊതുവായ താൽപ്പര്യമുള്ള വിവിധ വിഷയങ്ങളിൽ കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി.
ബഹ്‌റൈനുമായുള്ള മികച്ച പങ്കാളിത്തം ഉറപ്പാക്കുന്നതിൽ ഹമദ് രാജാവ് നൽകുന്ന നേതൃത്വത്തിന് ജോൺ ഹീലി നന്ദി രേഖപ്പെടുത്തി. സൈനിക-പ്രതിരോധ മേഖലകളിൽ ബഹ്‌റൈനുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നത് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം മുൻഗണനയുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dsdg


