ഇറാൻ ആക്രമണം: 999ൽ ഒരു മാസത്തിനിടെ ലഭിച്ചത് 92,000-ലേറെ കോളുകളെന്ന് ബഹ്റൈൻ അധികൃതർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇറാൻ്റെ ക്രൂരമായ ആക്രമണങ്ങളെത്തുടർന്നുണ്ടായ പ്രത്യാഘാതങ്ങൾ നേരിടാൻ ബഹ്‌റൈൻ സുരക്ഷാ സേന സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ക്യാപ്റ്റൻ അബ്ദുള്ള വഹീദ് അൽ മന്നായി വ്യക്തമാക്കി. രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ വിവിധ സൈനിക-സുരക്ഷാ ഏജൻസികൾ ഏകോപിതമായി 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ജനങ്ങളുടെ ഇടയിൽ പരിഭ്രാന്തി പരത്തുന്ന വ്യാജവാർത്തകൾക്കെതിരെ അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ചാനലുകൾ വഴിയുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏത് സാഹചര്യവും നേരിടാൻ വിവിധ വകുപ്പുകൾ തമ്മിൽ കൃത്യമായ ഏകോപനം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28 മുതൽ മാർച്ച് 29 വരെയുള്ള കണക്കുകൾ പ്രകാരം ഇറാൻ്റെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ വിഭാഗം കൈകാര്യം ചെയ്തത് 16,088 റിപ്പോർട്ടുകളാണ്. ഇതേ കാലയളവിൽ റിപ്പോർട്ടിംഗ് സെന്ററിലേക്ക് 92,562 കോളുകളാണ് എത്തിയത്. 999 എമർജൻസി ലൈൻ വഴി ലഭിക്കുന്ന ഈ വിവരങ്ങൾ അതത് വകുപ്പുകൾക്ക് കൈമാറുകയും അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. മെയിൻ ഓപ്പറേഷൻസ് റൂം വിവിധ വകുപ്പുകൾ തമ്മിലുള്ള പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നുണ്ടെന്നും അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ പ്രതികരിക്കാൻ സേന സജ്ജമാണെന്നും അൽ മന്നായി ഉറപ്പുനൽകി.
lkjlkj


