ഹുർമുസ് കടലിടുക്കിൽ ഇന്ത്യൻ ഇന്ധനക്കപ്പലുകൾ കുടുങ്ങി: ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിക്ക് സാധ്യത


ശാരിക l ദേശീയം

ന്യൂഡൽഹി: ഇറാനും ഇസ്രായേലും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള ഇന്ധനനീക്കം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിൽ ക്രൂഡ് ഓയിൽ, എൽ.പി.ജി, എൽ.എൻ.ജി എന്നിവയുമായി വന്ന 18 കപ്പലുകൾ കുടുങ്ങിക്കിടക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. തുറമുഖ-ഷിപ്പിങ് മന്ത്രാലയം സ്പെഷൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ നൽകുന്ന വിവരങ്ങൾ പ്രകാരം, ഹുർമുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പലുകളിൽ 485 ഇന്ത്യൻ നാവികരുണ്ട്.

ഇതിൽ പത്ത് വിദേശ കപ്പലുകളും ബാക്കി ഇന്ത്യൻ കപ്പലുകളുമാണ് ഉൾപ്പെടുന്നത്. ഫെബ്രുവരി 28-ന് ഇറാൻ-അമേരിക്ക സംഘർഷം ആരംഭിച്ചതോടെ ഈ മേഖലയിൽ ഗതാഗതം ദുഷ്കരമാവുകയും നിലവിൽ ഇറാൻ അധികൃതരുടെ അനുമതിയോടെ മാത്രം കപ്പലുകൾക്ക് കടന്നുപോകാൻ കഴിയുന്ന അവസ്ഥയുമാണുള്ളത്.

ഇന്ത്യയുടെ ഊർജ സുരക്ഷയിൽ ഹുർമുസ് കടലിടുക്കിന് വലിയ പ്രാധാന്യമാണുള്ളത്. രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 40 ശതമാനവും എൽ.എൻ.ജിയുടെ 50 ശതമാനവും പാചകവാതകത്തിന്റെ 90 ശതമാനവും ഈ പാതയിലൂടെയാണ് എത്തിക്കുന്നത് എന്നതിനാൽ കപ്പലുകൾ വൈകുന്നത് ആഭ്യന്തര ഇന്ധന വിതരണത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. എങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ എട്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് പിന്നിട്ടത് നേരിയ ആശ്വാസം നൽകുന്നു.

യുദ്ധസാഹചര്യം കാരണം ഇൻഷൂറൻസ് പ്രീമിയം 0.04 ശതമാനത്തിൽ നിന്ന് 0.7 ശതമാനമായി ഉയർന്നത് ഇന്ധനവില വർധനയ്ക്കും കാരണമായേക്കാം. നിലവിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും നാവികരെയും സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്.

article-image

assaf

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed