ജി 20 ഉച്ചകോടി: ഡൽഹിയിലെ ചേരികൾ ഷീറ്റ് കെട്ടി മറച്ചു, ഓട്ടോറിക്ഷകൾ നിരത്തിലിറക്കരുത്, കടകൾ തുറക്കരുത്

ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയുടെ മുന്നോടിയായി രാജ്യതലസ്ഥാനത്തെ ചേരികൾ പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ലക്സ് ബോർഡുകളും ഉപയോഗിച്ച് മറച്ച് അധികൃതർ. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാൻ സാധ്യതയുള്ള മേഖലകളിലെ ചേരികളാണ് മറച്ചത്. ഇതിന്റെ ദൃശ്യങ്ങൾ എടുക്കാൻ പോയ പ്രമുഖ ചാനലിനെ പൊലീസ് തടഞ്ഞു. ചേരികളുടെ ദൃശ്യങ്ങൾ കാമറയിൽ നിന്ന് നീക്കം ചെയ്തു. ദൃശ്യങ്ങൾ എടുക്കാൻ അനുവാദമില്ലെന്നും എടുത്ത ദൃശ്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ഡൽഹി പൊലീസ് അറിയിച്ചു. സുരക്ഷയുടെ ഭാഗമായാണ് ഇത്തരം നടപടിയെന്നും പൊലീസ് പറഞ്ഞു. ജി 20യുടെ പ്രധാന വേദിയ്ക്ക് സമീപത്തെ ചേരി അധികൃതർ നേരത്തെ പൊളിച്ച് മാറ്റിയിരുന്നു. ഉച്ചകോടി നടക്കുന്ന സമയത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും കടകള്‍ തുറക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നോർത്തേൺ റെയിൽവേ 300 ട്രെയിനുകൾ റദ്ദാക്കി. 36 ട്രെയിനുകൾ ഭാഗികമായി സർവിസ് നടത്തും. ഉച്ചകോടി നടക്കുന്ന 9,10, 11 തിയതികളിലാണ് നിയന്ത്രണം. ചില ട്രെയിനുകൾക്ക് അധിക സ്‌റ്റോപ്പുകളും അനുവദിച്ചു. ഉച്ചകോടിയുടെ ഭാഗമായി ഡൽഹി വൻ സുരക്ഷാ വലയത്തിലാണ്.
SDADSADSADS