ഗുജറാത്തിൽ വീണ്ടും ഭൂപേന്ദ്ര പട്ടേൽ തന്നെ മുഖ്യമന്ത്രി ആകും; സത്യപ്രതിജ്ഞ തിങ്കളാഴ്ച

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉജ്ജ്വല വിജയം നേടിയതോടെ പുതിയ മന്ത്രി സഭ രൂപീകരിക്കാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ രാജിവെച്ചു. വീണ്ടും ഭൂപേന്ദ്ര പട്ടേൽ തന്നെയാണ് മുഖ്യമന്ത്രിയാവുക. തിങ്കളാഴ്ച അദ്ദേഹം സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനായി പട്ടേലും മന്ത്രിസഭയും വെള്ളിയാഴ്ച തന്നെ രാജിവെച്ചിരുന്നു. 182 സീറ്റുകളിൽ 156 എണ്ണം നേടിക്കൊണ്ടാണ് ബി.ജെ.പി ഗുജറാത്തിൽ വീണ്ടും അധികാരത്തിൽ എത്തിയിരിക്കുന്നത്.
ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ സി.ആർ പാട്ടീൽ, പാർട്ടി ചീഫ് വിപ്പ് പങ്കജ് ദേശായി എന്നിവർക്കൊപ്പമെത്തിയാണ് പട്ടേൽ രാജി സമർപ്പിച്ചത്. മന്ത്രിസഭയുടെ രാജി ഗവർണ അംഗീകരിച്ചിട്ടുണ്ട്. പുതിയ സർക്കാർ അധികാരത്തിലേറുന്നതുവരെ ഈ മന്ത്രിസഭ കാവൽ മന്ത്രിസഭയായി തുടരുമെന്ന് പങ്കജ് ദേശായി അറിയിച്ചു. ശനിയാഴ്ച നടക്കുന്ന ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു ഭൂപേന്ദ്ര പട്ടേൽ പറഞ്ഞത്. 10 മണിക്കാണ് എം.എൽ.എമാരുടെ യോഗം നടക്കുക. അതിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തും. ഇക്കാര്യം ഉച്ചയോടെ ഗവർണറെ അറിയിക്കും. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം സത്യ പ്രതിജ്ഞ നടക്കുമെന്നും പങ്കജ് ദേശായി പറഞ്ഞു.
rtuyrtfu