രജിസ്റ്റർ ചെയ്ത ഒരു ലക്ഷം ‘ചെറിയ കേസുകൾ’ പിൻവലിക്കുമെന്ന് അസം മുഖ്യമന്ത്രി


സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഒരു ലക്ഷം ചെറിയ കേസുകൾ പിൻവലിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജുഡീഷ്യറിയുടെ അമിതഭാരം കുറയ്ക്കുന്നതിനാണ് കേസ് പിൻവലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അസമിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 400,000 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഒരു ലക്ഷം കേസുകൾ പിൻവലിക്കുന്നതോടെ ജുഡീഷ്യറിയുടെ അമിതഭാരം കുറയുമെന്നും ഇത് പീഡനം, കൊലപാതകം തുടങ്ങിയ പ്രധാനപ്പെട്ട കേസുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സ്വാതന്ത്ര്യ സമര സേനാനികൾ സഹിച്ച ത്യാഗം മനസ്സിലാക്കാൻ 1,000 യുവാക്കളെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിലിലേക്ക് പഠനയാത്രക്ക് അയക്കമുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യം നേടിത്തരാൻ നമ്മുടെ പൂർവികർ വലിയ ത്യാഗമാണ് സഹിച്ചതെന്നും അവരോട് നാം എക്കാലവും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

You might also like

Most Viewed