അസമിലെ പ്രളയം; 14 ലക്ഷം പേർ ദുരിത ബാധിതർ, 180 മരണം

അസമിൽ ഇരുപത്തിരണ്ട് ജില്ലകളിലായി പതിനാല് ലക്ഷം പേരെ പ്രളയം രൂക്ഷമായി ബാധിച്ചതായി റിപ്പോർട്ട്. ഭൂരിഭാഗം ഇടങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. എന്നാൽ രണ്ട് ജില്ലകളിൽ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. പതിനാല് ജില്ലകളിലെ 40,000 ഹെക്ടറോളം കൃഷി നശിച്ചതായി അസം ദുരിത നിവാരണ സേന പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. കച്ചാർ ജില്ലയിൽ പ്രളയത്തിൽ ഒരു കുട്ടി കൂടി മരിച്ചു. ഒരാളെ കാണാതായി. പ്രളയത്തിൽ 162 പേർക്കും മണ്ണിടിച്ചലിൽ 18 പേർക്കും ജീവൻ നഷ്ടമായി. കച്ചാർ ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. 6.69 ലക്ഷം വരുന്ന ജനങ്ങളുടെ ജീവിത്തെ പ്രളയം ബാധിച്ചു.
നാഗൂൺ ജില്ലയിൽ 3.63 ലക്ഷം പേരെയും, മോറിഗോണിൽ 1.79 ലക്ഷം പേരെയുമാണ് പ്രളയം ബാധിച്ചത്. ബാർപേട്ട ജില്ലയിൽ 56,021 ദുരന്ത ബാധിതരാണ്. പതിനെട്ട് ജില്ലകളിലായി 325 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 1,55,271 ദുരിതബാധിതർ ഈ ക്യാമ്പുകളിലുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഒമ്പത് ജില്ലകളിലായി 5.36 ലക്ഷം വളർത്ത് മൃഗങ്ങൾ ചത്തു. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിൽ തന്നെ തുടരുന്നതായാണ് അസം ദുരന്ത നിവാരണ സേനയുടെ റിപ്പോർട്ട്. ശിവസാഗറിലെ നംഗ്ലമുരഘട്ടിലെ ദിസാങ്, ദിബ്രുഗഡിലെ ഖോവാങ്ങിലെ ബർഹിഡിംഗ്, നാഗോണിലെ ധരംതുളിലെ കോപിലി എന്നീ പോഷക നദികൾ അപകടകരമായ നിലയിലാണ് ഒഴുകുന്നത്.
ബജാലി, ബാർപേട്ട, ബിശ്വനാഥ്, കച്ചാർ, ചിരാംഗ്, ദരാംഗ്, ദിബ്രുഗഡ്, ദിമ ഹസാവോ, ഗോൾപാറ, ഗോലാഘട്ട്, ഹൈലകണ്ടി, ഹോജായ്, കാംരൂപ്, കരിംഗഞ്ച്, ലഖിംപൂർ, മജൂലി, മോറിഗാവ്, മോറിഗാവ് എന്നിവയുൾപ്പെടെ സംസ്ഥാനത്തെ 24 ജില്ലകൾ, ശിവസാഗർ, സോനിത്പൂർ, താമുൽപൂർ, ഉദൽഗുരി ജില്ലകളെ ഇപ്പോഴും പ്രളയബാധിത മേഖലയാണെന്ന് എഎസ്ഡിഎംഎ (അസം ദുരിത നിവാരണ സേന) റിപ്പോർട്ട് ചെയ്തു.