'ഈ സര്‍ക്കാര്‍ പാവങ്ങളുടെയോ യുവജനങ്ങളുടേയോ അല്ല, പണക്കാരുടേത് മാത്രമാണ്'; അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭവേദിയില്‍ പ്രിയങ്ക ഗാന്ധി

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്ത്രീകള്‍ക്കോ പാവങ്ങള്‍ക്കോ യുവജനങ്ങള്‍ക്കോ വേണ്ടിയുള്ളതല്ല മറിച്ച് വലിയ വ്യവസായികള്‍ക്ക് വേണ്ടിയുള്ളതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
അഗ്നിപഥ് പദ്ധതിയില്‍ പ്രക്ഷോഭം നടത്തുന്ന യുവജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. അധികാരത്തില്‍ തുടരണം എന്ന ഒറ്റ കാര്യം മനസ്സില്‍വെച്ചാണ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നിങ്ങളുടെ വേദന മനസ്സിക്കുന്നു. ഈ രാജ്യം നിങ്ങളുടേതാണെന്ന് മറക്കരുത്. ഈ രാജ്യത്തിന്റെ വസ്തുക്കളെല്ലാം നിങ്ങളുടേതുമാണ്. അതിനാല്‍ നശിപ്പിക്കരുതെന്ന് അഗ്നിപഥ് പ്രക്ഷോഭകാരികളോട് പ്രിയങ്ക ഗാന്ധി അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര സര്‍ക്കാര്‍ അവരുടെ തീരുമാനങ്ങള്‍ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍, സൈനിക നയങ്ങള്‍ അങ്ങനെ. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് പോലെ അഗ്നിപഥ് പദ്ധതിയും പിന്‍വലിക്കേണ്ടി വരുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, ദിഗ്‌വിജയ് സിങ്, കെസി വേണുഗോപാല്‍, ആധിര്‍ രഞ്ജന്‍ ചൗധരി, ജയറാം രമേശ്, അജയ് മാക്കന്ഡ എന്നിവര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കവെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്‌വസതിയില്‍ യോഗം വിളിച്ചു. കര, നാവിക, വ്യോമ സേനാ മേധാവിമാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചും പ്രതിഷേധം തണുപ്പിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കും. രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് പ്രതിരോധ മന്ത്രി വിഷയത്തില്‍ യോഗം ചേരുന്നത്.
കനത്ത പ്രതിഷേധം പരിഗണിച്ച് നേരത്തെ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങളിലും ചട്ടങ്ങളിലും ഇളവു വരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. അഗ്‌നിപഥിലൂടെ സൈന്യത്തിലെത്തി നാല് വര്‍ഷത്തിനു ശേഷം തിരിച്ചു വരുന്ന യുവാക്കള്‍ക്ക് കേന്ദ്ര പൊലീസ് സേനകളിലും അസം റൈഫിള്‍സിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമനത്തിനുള്ള പ്രായപരിധി മൂന്ന് വര്‍ഷം കൂടി ഉയര്‍ത്തുമെന്നും മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ഈ വര്‍ഷം അഗ്‌നിപഥ് വഴി സേനയില്‍ ചേരുന്നവര്‍ക്ക് അഞ്ച് വയസ്സിന്റെ ഇളവും ലഭിക്കും. എന്നാല്‍ ഇതുകൊണ്ടും പ്രതിഷേധം അവസാനിച്ചില്ല.