സർക്കാർ ഉദ്യോഗസ്ഥർ വിപിഎൻ സേവനങ്ങൾ ഉപയോഗിക്കരുതെന്നു നിർദേശം

ന്യൂഡൽഹി: സർക്കാർ ജീവനക്കാർ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ (വിപിഎൻ) ഉപയോഗിക്കുന്നത് വിലക്കി കേന്ദ്രസർക്കാർ. വിപിഎൻ സേവനദാതാക്കൾ ഉപഭോക്താക്കളുടെ വിവരങ്ങൾ ഇന്ത്യൻ സർവറുകളിൽ സൂക്ഷിക്കണമെന്ന കംപ്യൂട്ടർ എമർജൻസ് റെസ്പോണ്‍സ് ടീമിന്‍റെ ഉത്തരവിന് പിന്നാലെയാണ് വിപിഎൻ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽനിന്നു കേന്ദ്രസർക്കാർ സർക്കാർ ജീവനക്കാരെ വിലക്കിയത്.
സർക്കാരുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള ഫയലുകൾ ഗൂഗിൾ ഡ്രൈവ്, ഡ്രോപ്പ്ബോക്സ് പോലെയുള്ള ക്ലൗഡ് സേവനങ്ങളിൽ ശേഖരിക്കരുത്. മൊബൈൽ ഫോണുകളുടെ സുരക്ഷ നഷ്ടപ്പെടുത്തുന്ന രീതിയിൽ സോഫ്റ്റ്‌വെയറുകൾ ജയിൽ ബ്രേക്ക് ചെയ്യുകയോ റൂട്ട് ചെയ്യാനോ പാടില്ല. ഇതിന് പുറമേ സർക്കാർ രേഖകൾ സ്കാൻ ചെയ്യുന്നതിന് ക്യാം സ്കാനർ പോലെയുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുതെന്നും നാഷണൽ ഇൻഫർമാറ്റിക്സ് സെന്‍ററിന്‍റെ (എൻഐസി) നിർദേശങ്ങളിൽ പറയുന്നു.
താത്കാലിക, കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാർ ഉൾപ്പെടെ എല്ലാ സർക്കാർ ജീവനക്കാരും എൻഐസിയുടെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണു നിർദേശം.നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതത് വകുപ്പു മേധാവികൾ അല്ലെങ്കിൽ മുഖ്യ ഇൻഫർമേഷൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്കു നടപടികൾ സ്വീകരിക്കാം. രാജ്യത്തുടനീളമുള്ള സർക്കാർ ഓഫീസുകളിൽ ഏകീകൃത സൈബർ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നതിലൂടെ സർക്കാർ സംവിധാനങ്ങളുടെ സുരക്ഷാസംവിധാനം മെച്ചപ്പെടുത്താൻ കഴിയുമെന്നും എൻഐസി നിർദേശങ്ങൾ വ്യക്തമാക്കുന്നു.
യഥാർഥ ലൊക്കേഷൻ ഉപയോഗിക്കാതെ ഇന്‍റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാമെന്നതാണ് വിപിഎൻ കന്പനികൾ നൽകുന്ന സൗകര്യം. നിയമപരമല്ലാത്ത വിവരങ്ങൾ ഇന്‍റർനെറ്റിൽ പരതുന്നതിനും നിരോധനമുള്ള വെബ്സൈറ്റുകളിൽ കയറാനും രാജ്യവിരുദ്ധ-തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനുമെല്ലാം വിപിഎൻ സേവനങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.