ജാമ്യാപേക്ഷ തള്ളി; ഡൽഹി ആരോഗ്യമന്ത്രി ജയിലിൽ തുടരും


കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യ-ആഭ്യന്തര മന്ത്രി സത്യേന്ദർ ജെയിനിന്റെ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി. ജൂൺ ഒമ്പതിന് സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിച്ചിരുന്നു. ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്ബി രാജുവും സത്യേന്ദ്ര ജെയിനിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരിഹരനും ഹാജരായി. പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയൽ വാദം കേട്ട ശേഷം വിധി പറയാൻ മാറ്റി വയ്ക്കുകയായിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി മെയ് 30 നാണ് ജെയിനിനെ ഇഡി അറസ്റ്റ് ചെയ്തത്. ജെയിനിന്റെ കുടുംബത്തിന്റെയും കമ്പനികളുടെയും 4.81 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കൾ ഏപ്രിലിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഇതിൽ അക്കിഞ്ചൻ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻഡോ മെറ്റൽ ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ്, മറ്റ് കമ്പനികൾ എന്നിവയുടെ ആസ്തികളും ഉൾപ്പെടുന്നു.

ജെയിൻ ഡൽഹിയിൽ നിരവധി ഷെൽ കമ്പനികൾ ആരംഭിക്കുകയോ വാങ്ങുകയോ ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. കൊൽക്കത്തയിലെ മൂന്ന് ഹവാല ഇടപാടുകാരുടെ 54 ഷെൽ കമ്പനികൾ വഴി 16.39 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു. പ്രയാസ്, ഇൻഡോ, അക്കിഞ്ചൻ എന്നീ കമ്പനികളിൽ ജെയ്‌നിന് ധാരാളം ഓഹരികൾ ഉണ്ടായിരുന്നു. 2015ൽ കെജ്‌രിവാൾ സർക്കാരിൽ മന്ത്രിയായതിന് ശേഷം ജെയിനിന്റെ എല്ലാ ഓഹരികളും ഭാര്യക്ക് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചോദ്യം ചെയ്യലിൽ കൊറോണ കാരണം തന്റെ ഓർമ്മ നഷ്ടപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു. ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് ഇഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.

 

You might also like

  • Straight Forward

Most Viewed