ഷീനാ ബോറ കൊലക്കേസ് കേസ്; ‍ഇന്ദ്രാണി മുഖർ‍ജിക്ക് ജാമ്യം


ഷീന ബോറ കേസിൽ‍ ജയിലിൽ‍ കഴിയുന്ന ഐഎൻഎക്‌സ് മീഡിയ കമ്പനി മുൻ മേധാവി ഇന്ദ്രാണി മുഖർ‍ജിക്ക് ജാമ്യം. സുപ്രീംകോടതിയുടേതാണ് ഉത്തരവ്. ആറര വർ‍ഷത്തെ വിചാരണ തടവിന് ശേഷമാണ് ഇന്ദ്രാണി മുഖർ‍ജിക്ക് ജാമ്യം ലഭിച്ചത്. 2012ൽ‍ ആദ്യ വിവാഹത്തിലെ മകൾ‍ ഷീന(25)യെ കൊലപ്പെടുത്തിയെന്നാണ് ഇവർ‍ക്കെതിരായ കേസ്. 2012 ഏപ്രിലിൽ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയുടേയും ഡ്രൈവർ ശ്യാംവർ റായിയുടെയും സഹായത്തോടെ ഷീനാ ബോറയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ വനമേഖലയിൽ കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ചു കളഞ്ഞു എന്നതാണ് ഇന്ദ്രാണി മുഖർജിയക്കെതിരെയുള്ള കേസ്. 

വധത്തിന്‍റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് എന്നാരോപിച്ച് ഇന്ദ്രാണിയുടെ ഭർത്താവും, സ്റ്റാർ ഇന്ത്യ മേധാവിയുമായിരുന്ന പീറ്റർ മുഖർജിയും അറസ്റ്റിലായിരുന്നു. പീറ്ററിന്‍റെ ആദ്യവിവാഹത്തിലെ മകൻ രാഹുലുമായുള്ള ഷീനയുടെ പ്രണയമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് നിഗമനം.  സ്വത്ത് തന്നില്ലെങ്കിൽ ഇന്ദ്രാണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്നു ഷീന ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. ഷീന യുഎസിലേക്കു പോയെന്നാണു കൊലയ്ക്കുശേഷം ഇന്ദ്രാണി എല്ലാവരോടും പറഞ്ഞത്. 

മൂന്നു വർഷത്തിനുശേഷം ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാംവർ റായി മറ്റൊരു കേസിൽ അറസ്റ്റിലായതോടെയാണ് സംഭം പുറത്തായത്. താനോടിച്ച കാറിൽ വച്ചാണു ഷീനയെ കൊന്നതെന്നു മൊഴി നൽകിയ റായി കേസിൽ മാപ്പുസാക്ഷിയായി. അഞ്ച് വർഷത്തെ വിചാരണത്തടവിനു ശേഷം കഴിഞ്ഞ വർഷം പീറ്ററിനു ജാമ്യം ലഭിച്ചിരുന്നു.

You might also like

Most Viewed