കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം


കാലിത്തീറ്റ കുംഭകോണക്കേസിൽ രാഷ്ട്രീയ ജനതാദൾ(ആർ.ജെ.ഡി) ആചാര്യൻ ലാലു പ്രസാദ് യാദവിന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡൊറൻഡ ട്രഷറി കേസിലാണ് കോടതിവിധി. ഡൊറൻഡ ട്രഷറിയിൽനിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയിൽ പിൻവലിച്ചെന്നാണ് ലാലുവിനെതിരായ കേസ്. കാലിത്തീറ്റ കുംഭകോണത്തിൽ ലാലുവിനെതിരായ അഞ്ചാമത്തെയും അവസാനത്തേതുമായ കേസാണിത്. കേസിൽ കഴിഞ്ഞ ഫെബ്രുവരി 22ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി അഞ്ചുവർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പാതി കസ്റ്റഡിയും ആരോഗ്യപ്രശ്നങ്ങളുമെല്ലാം പരിഗണിച്ചാണ് റാഞ്ചി കോടതി ലാലുവിന് ജാമ്യം നൽ‍കിയത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയും പിഴയായി 10 ലക്ഷം രൂപയും കെട്ടിവയ്ക്കണം. ലാലു ഉടൻ പുറത്തിറങ്ങുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. 

കുംഭകോണം നടന്ന് 25 വർഷത്തിനുശേഷമാണ് കേസിൽ അന്തിമവിധി പുറത്തുവരുന്നത്. കേസിൽ ജാമ്യത്തിൽ കഴിയുന്ന ലാലു പ്രസാദ് യാദവ് അനാരോഗ്യത്തെത്തുടർന്ന് വിഡിയോ കോൺഫറൻസിലൂടെയാണ് വാദംകേൾക്കലിന് ഹാജരായത്. 

ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവിൽ സർക്കാർ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരിൽ അറിയപ്പെടുന്നത്. സർക്കാർ ട്രഷറികളിൽനിന്ന് പൊതുപണം അന്യായമായി പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് കേസുള്ളത്. 1990കളിലാണ് കുംഭകോണം നടന്നതെന്നാണ് ആരോപിക്കപ്പെടുന്നത്.  കുംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകളിൽ 14 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട നേരത്തെ തന്നെ ശിക്ഷ ഏറ്റുവാങ്ങിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ ഡൊറൻഡ ട്രഷറിയിൽനിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയിൽ പിൻവലിച്ച അഞ്ചാമത്തെ കേസിലാണ് ഇപ്പോൾ റാഞ്ചി കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്. 1996ൽ ഒരു മൃഗാരോഗ്യ കേന്ദ്രത്തിൽ നടന്ന റെയ്ഡിലാണ് കുംഭകോണം പുറത്തുവന്നത്. ആകെ 950 കോടിയുടെ തട്ടിപ്പാണ് നടന്നത്. ആദ്യ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്ന ലാലു ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിലവിൽ ജാമ്യത്തിലാണുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed