രാജസ്ഥാനിൽ ശീതളപാനീയം കുടിച്ച ഏഴു കുട്ടികൾ മരിച്ചു

ശീതളപാനീയം കുടിച്ച ഏഴു കുട്ടികൾ മരിച്ചതിനെ തുടർന്ന് ശീതളപാനീയത്തിന്റെ വിൽപന താത്കാലികമായി നിർത്തിവച്ചു. രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിൽ പ്രാദേശികമായി നിർമിച്ച ശീതളപാനീയം കുടിച്ചാണ് കുട്ടികൾ മരണമടഞ്ഞത്. ബുധനാഴ്ച രാത്രി വിറ്റ പാനീയം കുടിച്ചതിന് പിറ്റേന്ന് കുട്ടികളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു.
സംഭവത്തെ തുടർന്ന് ഇതേ ശീതളപാനീയം വിൽക്കുന്ന കച്ചവടക്കാരിൽ നിന്നും ഇതിന്റെ സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്നത് വരെ ഇവയുടെ വിൽപന നടത്തരുതെന്ന് അധികൃതർ കച്ചവടക്കാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം കുട്ടികളുടെ മരണത്തിന് കാരണം ശീതളപാനീയം അല്ലെന്ന വാദവുമായ് രാജസ്ഥാൻ ആരോഗ്യമന്ത്രി പ്രസാദി ലാൽ മീണ രംഗത്തെത്തി. താൻ കളക്ടറുമായി സംസാരിച്ചെന്നും മരണമടഞ്ഞ കുട്ടികളിൽ വൈറസ് ബാധ കണ്ടെത്തിയതായി മെഡിക്കൽ റിപ്പോർട്ട് ഉണ്ടെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കുട്ടികളിൽ വൈറസ് ബാധ ഉടലെടുക്കാനുണ്ടായ കാരണത്തെകുറിച്ച് ഒരു സർവേ നടത്തുമെന്നും മന്ത്രി പറഞ്ഞു.