കാനഡയിൽ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ജോലിക്കു പോകുന്നതിനിടെ കാനഡയിലെ ടൊറന്‍റോ നഗരത്തിലെ സബ്‌വേ സ്റ്റേഷന്‍റെ പ്രവേശന കവാടത്തിലുണ്ടായ വെടിവയ്പിൽ 21കാരനായ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടതായി ടൊറന്‍റോയിലെ പോലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം സെന്‍റ് ജെയിംസ് ടൗണിലെ ഷെർബോൺ ടിടിസി സ്റ്റേഷനിലേക്കുള്ള ഗ്ലെൻ റോഡ് പ്രവേശന കവാടത്തിൽ കാർത്തിക് വാസുദേവ് എന്ന വിദ്യാർഥിക്കാണ് വെടിയേറ്റത്. വെടിയേറ്റ വാസുദേവിനെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നു പോലീസ് പറഞ്ഞു.
ടൊറന്‍റോ പോലീസ് സർവീസിലെ ഹോമിസൈഡ് സ്ക്വാഡ് അന്വേഷണം ഏറ്റെടുത്തു. സംഭവത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. കാർത്തിക്കിന്‍റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ സാധ്യമായ എല്ലാ സഹായവും നൽകുമെന്നും കോൺസുലേറ്റ് ജനറൽ ട്വിറ്ററിൽ ട്വീറ്റ് ചെയ്തു. വിദ്യാർഥിയുടെ മരണത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ദുഃഖം രേഖപ്പെടുത്തി.
കഴിഞ്ഞ ജനുവരിയിലാണ് കാർത്തിക് കാനഡയിൽ എത്തിയത്. സെനെക കോളേജിലെ വിദ്യാർഥിയായിരുന്നു. പഠനത്തോടൊപ്പം ജോലിയും ചെയ്തിരുന്ന കാർത്തിക് ജോലിക്കായി പോകുന്പോഴാണ് വെടിയേറ്റത്. അഞ്ചരയടിയോളം ഉയരമുള്ള ഇടത്തരം ശരീരപ്രകൃതിയുള്ള കറുത്തവർഗക്കാരനായ പുരുഷനാണ് വെടിവയ്പ് നടത്തിയതെന്നു പോലീസ് പറഞ്ഞു. ഇയാൾ ഗ്ലെൻ റോഡിലൂടെ തെക്കോട്ട് ഹോവാർഡ് സ്ട്രീറ്റിലേക്ക് ഒരു കൈത്തോക്കുമായി നടന്നുപോകുന്നതു കണ്ടതായി ഒരു വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.