സിൽവർ ലൈനിന് തൽക്കാലം അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം

സിൽവർ ലൈനിന് ഇപ്പോൾ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്‍റിൽ. ഡിപിആർ പൂർണമല്ലെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ പാർലമെന്‍റിൽ പറഞ്ഞു.
പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല. സാങ്കേതികമായും സാന്പത്തികമായും എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തത ഇല്ല. സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികൾ മാത്രമാണ് കേരള സർക്കാർ സ്വീകരിച്ചതെന്നും റെയിൽവെ മന്ത്രി അറിയിച്ചു. എൻ കെ പ്രേമചന്ദ്രന്‍റെയും കെ മുരളീധരന്‍റെയും ചോദ്യത്തിനാണ് റെയിൽവെ മന്ത്രി മറുപടി നൽകിയത്.
‘സാങ്കേതികമായ പ്രായോഗികതയ്ക്ക് ആവശ്യമായ വിശദാംശങ്ങൾ ഡിപിആറിൽ ലഭ്യമല്ല. അലൈൻമെന്റ് പ്ലാൻ, റെയിൽവേ−സ്വകാര്യ ഭൂമികളെ കുറിച്ചുള്ള വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേ ശൃഖലയ്ക്ക് മുകളിലുള്ള ക്രോസോവർ തുടങ്ങിയവയിൽ പൂർണ വിവരങ്ങൾ ആവശ്യമാണ്. സാങ്കേതിക മാനദണ്ഡങ്ങൾ പൂർത്തീകരിച്ച ശേഷം സാന്പത്തിക ക്ഷമതയും പരിശോധിക്കപ്പെടേണ്ടതുണ്ട്’− മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
കാസർകോട് മുതൽ കൊച്ചു വേളി വരെ 532 കി.മി നീളുന്ന സെമി ഹൈസ്പീഡ് റെയിൽ ഇടനാഴിയാണ് സിൽവർ ലൈൻ പദ്ധതി. മണിക്കൂറിൽ 200 കിലോ മീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാനാകും. അങ്ങനെ വന്നാൽ നാൽ മണിക്കൂറിൽ കുറഞ്ഞ സമയം കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്താം.
1383 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 1198 ഹെക്ടറും സ്വകാര്യ ഭൂമിയാണ്. 9314 കെട്ടിടങ്ങൾ ഒഴിപ്പിക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കലിനെതിരെ ഇതിനകം പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷം ഒന്നടങ്കം സിൽവർ ലൈനെ എതിർക്കുകയാണ്. പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ചും പദ്ധതിച്ചെലവിനെ സംബന്ധിച്ചുമുള്ള ആശങ്കയാണ് സാമൂഹ്യ, പരിസ്ഥിതി, രാഷ്ട്രീയ പ്രവർത്തകർ പങ്കുവെയ്ക്കുന്നത്.
തട്ടിക്കൂട്ടിയ ഡിപിആർ ആണെന്ന് കേരളത്തിലെ യുഡിഎഫ് നേതാക്കൾ പറഞ്ഞത് കേന്ദ്ര സർക്കാർ ശരിവെച്ചെന്ന് കെ മുരളീധരൻ എംപി പ്രതികരിച്ചു. എന്നാൽ സിൽവർ ലൈനിന് ഒരിക്കലും അനുമതി കിട്ടില്ലെന്ന് അർഥമില്ലെന്ന് എം എം ആരിഫ് എംപി പ്രതികരിച്ചു.