അ​ഞ്ചിടത്ത് ഏ​ഴു ഘ​ട്ട​മാ​യി വോട്ടെടുപ്പ്; ആ​ദ്യ ഘ​ട്ടം ഫെ​ബ്രു​വ​രി 10ന്, മാർച്ച് 10ന് വോട്ടെണ്ണൽ


ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏഴു ഘട്ടമായാണ് ഉത്തർപ്രദേശിൽ വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 10നാണ് ആദ്യ തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും നടക്കും. മൂന്നാം ഘട്ടം ഫെബ്രുവരി 20നും നാലാംഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാഘട്ടം മാര്‍ച്ച് മൂന്നിനും ഏഴാംഘട്ടം മാര്‍ച്ച് ഏഴിനും നടക്കും. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിലും ഫെബ്രുവരി 14നാണ് വോട്ടെടുപ്പ്. മണിപ്പൂരിൽ ഫെബ്രുവരി 27നും മാർച്ച് മൂന്നിനുമാണ് തെരഞ്ഞെടുപ്പ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ നടക്കുക. വാർത്താസമ്മേളനത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുശിൽ ചന്ദ്രയാണ് തീയതികൾ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

തെരഞ്ഞെടുപ്പിന് വിപുലമായ കോവിഡ് മാർഗരേഖ പുറത്തിറക്കി. ഇത് പ്രകാരം ജനങ്ങൾക്ക് കോവിഡ് സുരക്ഷ ഉറപ്പാക്കുന്നത് സുപ്രധാനമാണ്. ഇതിനാൽ പോളിംഗ് സ്റ്റേഷനുകളിൽ കർശന കോവിഡ് മുൻകരുതൽ നടപ്പാക്കും. പോളിംഗ് സ്റ്റേഷനുകൾ അണുവിമുക്തമാക്കും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് രണ്ടു ഡോസ് വാക്സിൻ നിർബന്ധമായിരിക്കും. ഡ്യൂട്ടിയിൽ ഉള്ളവർക്ക് കരുതൽ ഡോസ് ഉറപ്പാക്കും. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടുകയും ചെയ്തിട്ടുണ്ട്. റാലികൾക്കും റോഡ് ഷോകൾക്കും നിയന്ത്രണമുണ്ടാകും. കൂടാതെ ഈ മാസം 15 വരെ റാലികളും പദയാത്രകളും നിരോധിച്ചു. ഇതിനുശേഷം കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം ആഹ്ലാദപ്രകടനങ്ങൾ അനുവദിക്കില്ല. അഞ്ചു സംസ്ഥാനങ്ങളിലായി ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്.

18.34 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 24.9 ലക്ഷം കന്നി വോട്ടർമാരാണ്. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1250 വോട്ടർമാർ മാത്രമാണ് ഉണ്ടായിരിക്കുക. ഓരോ മണ്ഡലങ്ങളിലും ഒരു ബൂത്തെങ്കിലും വനിതകൾ നിയന്ത്രിക്കും. ഓൺലൈൻ പത്രികാ സമർപ്പണം കമ്മീഷൻ പ്രോത്സാഹിപ്പിക്കും. സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക ഓൺലൈനായി നൽകാം. കോവിഡ് ബാധിതർക്ക് തപാൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. ഭിന്നശേഷിക്കാർക്കും 80 വയസു കഴിഞ്ഞവർക്കും തപാൽ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ് ചെലവ് പരിധിയും ഉയർത്തിയിട്ടുണ്ട്. പഞ്ചാബിലും യുപിയിലും ഉത്തരാഖണ്ഡിലും 40 ലക്ഷം രൂപവരെയും ഗോവയിലും മണിപ്പൂരിലും 28 ലക്ഷം രൂപ വരെയും സ്ഥാനാർഥികൾക്ക് ചെലവഴിക്കാം. തെരഞ്ഞെടുപ്പ് പ്രചാരണം പരമാവധി ഡിജിറ്റലാക്കണമെന്നും തെര. കമ്മീഷൻ ആവശ്യപ്പെട്ടു. ദേശീയ രാഷ്ട്രീയത്തെ നേരിട്ടു ബാധിക്കുന്നതിനാൽ യുപി, പഞ്ചാബ് തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാ൪ട്ടികൾ വളരെ ഗൗരവമായിട്ടാണ് വീക്ഷിക്കുന്നത്.

You might also like

Most Viewed