രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോൾ

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോൾ. 30 ദിവസം പരോൾ നൽകാൻ തീരുമാനിച്ചതായി തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് നളിനിയ്ക്ക് പരോൾ ലഭിക്കുന്നത്. അമ്മയുടെ ആരോഗ്യനില പരിഗണിച്ചാണ് നളിനിക്ക് സർക്കാർ പരോൾ അനുവദിച്ചത്. അമ്മയെ പരിചരിക്കാനായി 30 ദിവസം പരോൾ വേണമെന്ന് ആവശ്യപ്പെട്ട് നളിനി ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ അത് പരിഗണിക്കപ്പെട്ടില്ല. പിന്നീട് നളിനിയുടെ അമ്മ പത്മ തന്നെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നിവേദനം നൽകി. അതിലും തീരുമാനമുണ്ടായില്ല. തുടർന്ന് തന്‍റെ ആരോഗ്യ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി പത്മ മദ്രാസ് ഹൈക്കോടതിയിൽ ഒരു ഹർജി നൽകി. ഈ ഹർജി പരിഗണിക്കവേയാണ് പരോൾ നൽകാനുള്ള സർക്കാർ തീരുമാനം അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
2016ലാണ് നളിനി ആദ്യമായി പരോളിൽ ഇറങ്ങിയത്. അന്ന് അച്ഛന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ 24 മണിക്കൂർ മാത്രം പുറത്തിറങ്ങി. പിന്നീട് മകൾ ഹരിത്രയുടെ വിവാഹത്തിനായി 2019ൽ വീണ്ടും പരോൾ ലഭിച്ചു. രാജീവ്ഗാന്ധി വധക്കേസിൽ പ്രതിചേർക്കപ്പെട്ട നളിനിയും പേരറിവാളനും ഉൾപ്പെടെ ഏഴ് പേർ മുപ്പത് വർഷത്തോളമായി ജയിലിൽ കഴിയുകയാണ്.