മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യുന്നു; പ്രിയങ്കാ ഗാന്ധിയുടെ ആരോപണത്തിൽ സ്വമേധയാ കേസെടുത്ത് ഐടി മന്ത്രാലയം

ന്യൂഡൽഹി: യു.പി സർക്കാർ തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യുന്നുണ്ടെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ആരോപണത്തിൽ സ്വമേധയാ കേസെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഐ.ടി മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ കന്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ (ഐസിഇആർടി) നേതൃത്വത്തിലാണ് അന്വേഷണം നടക്കുകയെന്നാണ് റിപ്പോർട്ട്. യോഗി സർക്കാർ ഫോൺ ചോർത്തലിനൊപ്പം തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വരെ ഹാക്ക് ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ആരോപണം ഉന്നയിച്ചത്. യുപി സർക്കാർ ഫോൺ ചോർത്തുന്നുവെന്ന സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. യോഗി സർക്കാരിന് വേറെ ജോലിയൊന്നുമില്ലേയെന്നും പ്രിയങ്ക പരിഹസിച്ചിരുന്നു.
യോഗി ആദിത്യനാഥ് തന്റെ ഫോൺ കോളുകൾ ചേർത്തുന്നുണ്ടെന്നും എല്ലാ ദിവസവും വൈകുന്നേരം അദ്ദേഹം ഈ സംഭാഷണങ്ങളുടെ റെക്കോർഡിങ് കേൾക്കാറുണ്ടെന്നുമായിരുന്നു അഖിലേഷ് യാദവിന്റെ ആരോപണം.