ഡൽഹിയിൽ വീണ്ടും ഒമിക്രോൺ വകഭേദം; സിംബാബ് വെയിൽ നിന്ന് എത്തിയ ആൾക്ക് രോഗം സ്ഥിരീകരിച്ചു


ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഒമിക്രോൺ ബാധ. സിംബാബ് വെയിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഒമിക്രോൺ കേസാണിത്. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഈ ആഴ്ച ആദ്യമാണ് ഇയാൾ സിംബാബ് വെയിൽ നിന്ന് ഡൽഹിയിൽ എത്തിയത്. സാംപിൾ ശേഖരിച്ച് ജനിതക പരിശോധനയ്‌ക്ക് അയച്ചാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ അടുത്തിടെ സൗത്ത് ആഫ്രിക്കയിലും യാത്ര ചെയ്തിരുന്നതായി ഡൽഹി ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.

ഇയാളെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യുന്നവർക്കായി ഇവിടെ പ്രത്യേക വാർഡുകൾ സജ്ജമാക്കിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 27 പേരുടെ സാംപിളുകൾ ജനിതക പരിശോധനയ്‌ക്ക് വിധേയമാക്കിയതിൽ 25ഉം നെഗറ്റീവ് ആയിരുന്നു. രണ്ട് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

പുതിയ കേസ് റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 33 ആയി ഉയർന്നു. ഇന്നലെ മഹാരാഷ്‌ട്രയിൽ ഏഴും ഗുജറാത്തിൽ രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.

You might also like

  • Straight Forward

Most Viewed