ഡൽഹിയിൽ വായുമലിനീകരണം; കോളേജുകളും സ്‌കൂളുകളും അടച്ചിടുന്നു


ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾ‍ക്ക് ശേഷം ഡൽഹിയിലെ വായുമലിനീകരണ തോത് ക്രമാതീതമായി വർ‍ധിച്ച സാഹചര്യത്തിൽ ഡൽഹിയിൽ‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡൽഹിയിലേയും സമീപമുള്ള നഗരങ്ങളിലേയും സ്‌കൂളുകളും കോളേജുകളും അടച്ചിടണമെന്ന് കമ്മീഷൻ ഫോർ‍ എയർ‍ ക്വാളിറ്റി മാനേജ്മെന്റ് ഉത്തരവിട്ടു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാനാണ് ഉത്തരവ്

ഇന്നലെ രാത്രി വൈകിയാണ് ഇത് സംബന്ധിച്ച ഉത്തരവ് വന്നത്. ഇതോടെ ലോക്ഡൗൺ സമയത്തേത് പോലെ ഓൺലൈൻ ക്ലാസ് രീതിയിലേയ്ക്ക് തിരിച്ച് പോകാനൊരുങ്ങുകയാണ്‌ ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ‍. ഡൽഹിയ്ക്ക് പുറമെ നാഷനൽ‍ കാപ്പിറ്റൽ‍ റീജിയണിൽ‍ ഉൾ‍പ്പെടുന്ന ഹരിയാന, രാജസ്ഥാൻ‍, ഉത്തർ‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സർ‍ക്കാരുകൾ‍ക്കും കമ്മീഷൻ നിർ‍ദേശങ്ങൾ‍ നൽ‍കിയിട്ടുണ്ട്. നവംബർ‍ 21 വരെ എല്ലാ സ്ഥാപനങ്ങളിലേയും മിനിമം 50 ശതമാനം സ്റ്റാഫിനെങ്കിലും വർ‍ക്ക് ഫ്രം ഹോം രീതി അനുവദിക്കണം എന്നാണ് നിർ‍ദേശം.

വായുമലിനീകരണത്തിന് കാരണം കർ‍ഷകർ‍ കൃഷിസ്ഥലത്തെ അവശിഷ്ടങ്ങൾ‍ക്ക് തീയിടുന്നതാണെന്നായിരുന്നു കേന്ദ്രസർ‍ക്കാർ‍ വാദം. ഇതിനെ സുപ്രീംകോടതി തള്ളിയിരുന്നു. ആവശ്യമാണെങ്കിൽ‍ കേന്ദ്രത്തിന് ഡൽഹിയിൽ‍ രണ്ട് ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിക്കാവുന്നതാണെന്ന് പറഞ്ഞ കോടതി അടിയന്തിരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും കേന്ദ്രത്തോട് നിർ‍ദേശിച്ചിരുന്നു. ഡൽഹിയിലെ പുസാ റോഡ്, ദ്വാരക, പ്രഗതി വിഹാർ‍, നോയിഡ, ചാണക്യപുരി എന്നിവിടങ്ങളിൽ‍ മലിനീകരണ തോത് വളരെ രൂക്ഷമാണ്. നഗരത്തിൽ‍ നിർ‍മാണ, വ്യവസായ പ്രവർ‍ത്തനങ്ങൾ‍ നടത്തുന്നത് ഡൽഹി സർ‍ക്കാർ‍ താൽ‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്.

You might also like

Most Viewed