പോലീസ് കസ്റ്റഡിയിൽ നിരാഹാര സമരവുമായി പ്രിയങ്ക

ന്യൂഡൽഹി: പൊലീസ് കസ്റ്റഡിയിൽ നിരാഹാര സമരം തുടങ്ങി പ്രിയങ്ക ഗാന്ധി. ലഖിംപുർ ഖേഡി സന്ദർശിക്കാൻ പോയ തന്നെ 24 മണിക്കൂറിൽ ഏറെയായി അനധികൃതമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
സംഘർഷം നടന്ന ലഖിംപുരിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവേ ഇന്നലെയാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡയിൽ എടുത്തത്. ലക്നൌവ്വിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള സിതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൌസിലാണ് പ്രിയങ്കയെ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുന്നത്. പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ സിതാപുർ ഗസ്റ്റ് ഹൗസിന് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്.
ഇതിനിടെ, ഉത്തർപ്രദേശിലെ ലഖിംപുർ ഖേഡിയിൽ കർഷക പ്രതിഷേധത്തിനിടെ മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന സമരക്കാർക്കുമേൽ വാഹനം ഓടിച്ചു കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. കോൺഗ്രസാണ് വീഡിയോ പുറത്തുവിട്ടത്. ഞായറാഴ്ച നടന്ന സംഭവത്തിലും തുടർന്നുണ്ടായ സംഘർഷത്തിലും നാൽ കർഷകരടക്കം എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.