നിയമസഭാമന്ദിരത്തെയും ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കം കണ്ടെത്തി


ന്യൂഡൽഹി: ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ തുരങ്കം കണ്ടെത്തിയെന്ന് സ്പീക്കർ രാം നിവാസ് ഗോയൽ. സഭാമന്ദിരത്തെയും ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തുരങ്കമെന്ന് രാം നിവാസ് ഗോയൽ ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു.

ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോകുന്നതിനും, കൊണ്ടുവരുന്നതിനുമാണ് ഈ തുരങ്കം ഉപയോഗപ്പെടുത്തിയതെന്നാണ് സൂചന. 1993ൽ താൻ എംഎൽഎ ആയപ്പോൾ ഇങ്ങനൊരു തുരങ്കമുണ്ടെന്ന് കേട്ടിരുന്നുവെന്നും, അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ തുരങ്കമുഖം എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞു. എന്നാൽ ഞങ്ങൾ കൂടുതൽ കുഴിച്ചനോക്കുന്നില്ല. കാരണം മെട്രോ പദ്ധതികളുടെയും ഓവുചാൽ നിർമാണങ്ങളുടെയും ഭാഗമായി തുരങ്കത്തിന്റെ എല്ലാ വഴികളും നശിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് ഗോയൽ വ്യക്തമാക്കി.

1912ലാണ് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുന്നത്. സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി ആയാണ് ഈ മന്ദിരം ഉപയോഗിച്ചിരുന്നത്. 1926ൽ ഈ മന്ദിരം കോടതിയാക്കി മാറ്റി. സ്വാതന്ത്ര്യസമര സേനാനികളെ ഇവിടേക്ക് കൊണ്ടുവരുന്നതിന് ബ്രിട്ടീഷുകാർ ഈ തുരങ്കം ഉപയോഗിച്ചിരുന്നുവെന്ന് ഗോയൽ പറഞ്ഞു.

അതേസമയം കഴുമരമുള്ള മുറിയെ കുറിച്ച് നമുക്കെല്ലാം അറിവുണ്ടെന്നും, പക്ഷെ അത് ഇതുവരെ തുറന്നിട്ടില്ല.സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികമാണിത്. ആ മുറി തുറന്നുപരിശോധിക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed