കോവിഡ്: മെയ് മാസം എയർ ഇന്ത്യയ്ക്ക് നഷ്ടമായത് അഞ്ച് മുതിര്‍ന്ന പൈലറ്റുമാർ

ന്യൂഡല്‍ഹി: ക്രൂവിനും കുടുംബങ്ങള്‍ക്കും വാക്‌സിനേഷന്‍ ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നിരന്തരം ശബ്ദമുയര്‍ത്തുന്നതിനിടെ, കോവിഡ് മൂലം ദേശീയ വിമാനക്കമ്പനിക്കു മേയില്‍ നഷ്ടമായത് അഞ്ച് മുതിര്‍ന്ന പൈലറ്റുമാരെ. ക്യാപ്റ്റന്‍ പ്രസാദ് കര്‍മാകര്‍, ക്യാപ്റ്റന്‍ സന്ദീപ് റാണ, ക്യാപ്റ്റന്‍ അമിതേഷ് പ്രസാദ്, ക്യാപ്റ്റന്‍ ജി പി എസ് ഗില്‍, ക്യാപ്റ്റന്‍ ഹര്‍ഷ് തിവാരി എന്നിവരാണ് മരിച്ചതെന്ന് എയര്‍ ഇന്ത്യ പൈലറ്റ് യൂണിയന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. മുപ്പത്തിയേഴുകാരനായ ഹര്‍ഷ് തിവാരി മേയ് 30നാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബോയിങ് 777 വിമാനത്തിലെ ഫസ്റ്റ് ഓഫീസര്‍ ആയിരുന്നു. തിവാരി ഉള്‍പ്പെടെയുള്ളവരെല്ലാം വിദേശ സര്‍വിസുകള്‍ക്കായുള്ള വലിയ വിമാനങ്ങള്‍ പറത്തിയിരുന്നവരാണ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രവാസികളെ ഇന്ത്യയിലെത്തിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായിരുന്നു ഇവർ.
വാക്‌സിന്‍ ലഭിച്ചില്ലെങ്കില്‍ വിമാനങ്ങള്‍ പറത്തുന്നത് നിര്‍ത്തുമെന്ന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയതിന് ശേഷം മേയ് 15 നു മാത്രമാണ് വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കാന്‍ കഴിഞ്ഞത്. 45 വയസിനു മുകളിലുള്ള ജീവനക്കാര്‍ക്കായി എയര്‍ ഇന്ത്യ നേരത്തെ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തിയിരുന്നു.
ഫെബ്രുവരി ഒന്നുവരെ ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 1,995 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായും ഇതില്‍ 583 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി ഫെബ്രുവരിയില്‍ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യോയാന മന്ത്രി മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു. അക്കാലത്ത് ക്രൂ അംഗങ്ങളാരും മരിച്ചിരുന്നില്ല. എന്നാല്‍ 19 ഗ്രൗണ്ട് സ്റ്റാഫുകള്‍ കോവിഡും മറ്റു സങ്കീര്‍ണതകളും മൂലം മരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു ധനസഹായമായി 10 ലക്ഷം രൂപ വീതം എയര്‍ ഇന്ത്യ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു.