വാഹനാപകടങ്ങൾ കുറയ്ക്കാൻ പുതിയ വിദ്യ; കാറുകൾ ഇനി പരസ്പരം വിവരങ്ങൾ കൈമാറും
ഷീബ വിജയൻ
മുംബൈ: ഇന്ത്യയിലെ വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി 'വെഹിക്കിൾ ടു വെഹിക്കിൾ' (V2V) കമ്മ്യൂണിക്കേഷൻ സംവിധാനം നടപ്പിലാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം അനുമതി നൽകി. വാഹനങ്ങൾ പരസ്പരം റേഡിയോ സിഗ്നലുകൾ വഴി ആശയവിനിമയം നടത്തുന്ന ഈ സാങ്കേതികവിദ്യ ഈ വർഷം പുറത്തിറങ്ങുന്ന കാറുകളിൽ നിർബന്ധമാക്കും.
മഞ്ഞുമൂടിയ സാഹചര്യങ്ങളിലും കൊടും വളവുകളിലും മറ്റ് വാഹനങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് ഡ്രൈവർമാർക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനം സഹായിക്കും. ഇതിനാവശ്യമായ ഉയർന്ന ഫ്രീക്വൻസിയുള്ള സ്പെക്ട്രം സൗജന്യമായി ലഭ്യമാക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി ധാരണയായതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഒരു വാഹനത്തിൽ ഈ വിദ്യ ഘടിപ്പിക്കാൻ ഏകദേശം 5000 രൂപയോളം മാത്രമാണ് ചെലവ് വരുന്നത്. 2030-ഓടെ രാജ്യത്തെ വാഹനാപകടങ്ങൾ പകുതിയായി കുറയ്ക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
dszdsf

