ഗംഗാനദിയിൽ ഒഴുക്കിവിടുന്ന മൃതദേഹങ്ങൾ തടയാൻ വലിയ വലകെട്ടി ബിഹാർ

പാറ്റ്ന: ഗംഗാനദിയിൽ ഒഴുകിയെത്തുന്ന മൃതദേഹങ്ങൾ തടയാൻ വലിയ വലകെട്ടി ബിഹാർ. ബക്സർ ജില്ലയിലെ ചൗസായിൽ ഗംഗയിലൂടെ നൂറുകണക്കിന് മൃതദേഹങ്ങൾ കഴിഞ്ഞദിവസങ്ങളിൽ ഒഴുകിവന്ന സാഹചര്യത്തലാണ് നടപടി.
ബീഹാറിൽ ഒഴുകിയെത്തിയ മൃതദേഹങ്ങളുടെ ഉത്തരവാദിത്വം ബീഹാർ സർക്കാരിനാണെന്നും,അന്വേഷണം ബീഹാർ പൊലിസാണ് നടത്തേണ്ടതെന്നും, ഉത്തർപ്രദേശിനെ പഴിചാരുകയല്ല വേണ്ടതെന്നും ഉത്തർപ്രദേശ് എ.ഡി.ജി അശോക് കുമാർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വലകെട്ടിയ നടപടി. കൂടുതൽ മൃതദേഹങ്ങൾ വരാൻ സാധ്യതയുള്ളതിനാലാണ് നദിയിൽ വല കെട്ടിയതെന്ന് ബിഹാറിലെ മുതിർന്ന ഉദ്യോഗസ്ഥർ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.
‘ബിഹാർ-യുപി അതിർത്തിയിൽ റാണിഗഢ് ഭാഗത്ത് നദിയിൽ വലിയ വലയാണ് മൃതദേഹങ്ങൾ തടയാനായി കെട്ടിയത്. ബുധനാഴ്ച രാവിലെയും ഒഴുകി വന്ന മൃതദേഹങ്ങൾ അതിൽ കുടുങ്ങി. ഇത് യുപിയിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കേണ്ടത് അവരാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവത്തെത്തുടർന്ന് ഗംഗ തീരങ്ങളിൽ ബീഹാർ പൊലീസ് രാത്രി കാല പട്രോളിംഗ് ശക്തമാക്കി. അതെസമയം, ഗംഗയിലൂടെ ബീഹാറിൽ 71 മൃതദേഹങ്ങളും, യുപിയിൽ 30 ഓളം മൃതദേഹങ്ങളുമാണ് ഒഴുകിയെത്തിയത്. ഒഴുകിയെത്തിയ മൃതദേഹങ്ങൾ കൊവിഡ് രോഗികളുടെതാണെന്ന സംശയത്തിൽ പ്രദേശവാസികൾ ആശങ്കയറിയിച്ചു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലും സമാന സംഭവം നടന്ന സാഹചര്യത്തിൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.