ഇന്ത്യൻ ജുഡീഷ്യറി ജീർണാവസ്ഥയിലാണെന്ന് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ്

ന്യൂഡൽഹി: ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാർഗരേഖ കൊണ്ടുവരണമെന്ന് മുൻ ചീഫ് ജസ്റ്റിസും രാജ്യസഭഎം.പിയുമായ രഞ്ജൻ ഗൊഗോയ്. ഇന്ത്യൻ ജുഡീഷ്യറി ജീർണാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടൂഡേ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗൊഗോയ്.
ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ ജുഡീഷ്യറിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊന്നിപ്പറയേണ്ടതില്ല. നിങ്ങൾക്ക് അഞ്ച് ട്രില്യൺ ഡോളർ സന്പദ് വ്യവസ്ഥ വേണം. പക്ഷേ, ജുഡീഷ്യറി പൊളിഞ്ഞുവീഴാറായിരിക്കുന്നു, രഞ്ജന്ഗൊഗോയ് പറഞ്ഞു.ഇന്ത്യയിലെ കീഴ് കോടതികളിൽ 60 ലക്ഷത്തോളം കേസുകൾ 2020−ൽ എത്തിചേർന്നിട്ടുണ്ട്. അതുപോലെ, ഹൈക്കോടതികളിൽ തീർപ്പു കൽപ്പിക്കാത്ത കേസുകളുടെ എണ്ണം പോയവർഷം മൂന്ന് ലക്ഷത്തോളം ഉയർന്നു. കഴിഞ്ഞ വർഷം 6,000−7,000 പുതിയ കേസുകൾ സുപ്രീം കോടതി സ്വീകരിച്ചു. കീഴ് കോടതികളിൽ നാൽ കോടിയോളവും ഹൈക്കോടതികളിൽ 44 ലക്ഷത്തോളവും സുപ്രീംകോടതിയിൽ 70000−ത്തോളം കേസുകളും തീർപ്പുകൽപ്പിക്കാതെ കെട്ടിക്കിടക്കുകയാണെന്നും ഗൊഗോയ് പറഞ്ഞു. ഈ സാഹചര്യത്തിൽ ജൂഡീഷ്യറിക്ക് ഒരു മാർഗരേഖ തയ്യാറാക്കേണ്ട സമയമായി. സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കുന്ന പോലെ ജഡ്ജിമാരെ നിയമിക്കുന്നില്ല. ജഡ്ജി എന്നത് മുഴുവൻ സമയം പ്രവർത്തിക്കുന്ന ജോലിയാണ്. അതൊരു അഭിനിവേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി ഹൈക്കോടതിയിൽ 62 ജഡ്ജിമാരാണ് വേണ്ടതെങ്കിൽ 32 ജഡ്ജിമാർ മാത്രമാണ് അവിടെയുള്ളത്. മധ്യപ്രദേശ് ഹൈക്കോടതിയിൽ ആവശ്യമുള്ളതിന്റെ 40 ശതമാനം ജഡ്ജിമാരെ ഉള്ളൂവെന്നും ഗൊഗോയ് പറഞ്ഞു. തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണം സംബന്ധിച്ച് പാർലമെന്റിൽ പ്രസംഗിച്ച മെഹുവ മൊയ്ത്രയക്കെതിരെ കോടതിയിൽ പോകുമോ എന്ന അവതാരകയുടെ ചോദ്യത്തിന് ഗൊഗോയിയുടെ മറുപടി ഇങ്ങനെയായിരുന്നു: കോടതിയിലേക്ക് നിങ്ങൾ പോവുകയാണെങ്കിൽ, നിങ്ങളുടെ അഴുക്കായ വസ്ത്രം കോടതിയിൽ അലക്കണം. നിങ്ങൾക്ക് അവിടെനിന്ന് ഒരു വിധിയും ലഭിക്കില്ല. തനിക്കെതിരെ വനിത രാഷ്ട്രീയക്കാരി പറഞ്ഞ കാര്യങ്ങൾ ശരിയല്ലെന്നും മെഹുവ മൊയ്ത്രയുടെ പേർ പരാമർശിക്കാതെ അദ്ദേഹം കൂട്ടിച്ചേർത്തു.