നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 15ന് മുന്‍പ് വേണമെന്ന് എല്‍ഡിഎഫും യുഡിഎഫും

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്ന് എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മേയ് മാസത്തിൽ മതിയെന്നായിരുന്നു ബിജെപിയുടെ ആവശ്യം. അതേസമയം സംസ്ഥാനത്ത് കോവിഡ് വർദ്ധിക്കുന്നതിലെ ആശങ്ക രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് കമ്മീഷൻ പങ്ക് വച്ചു. റമദാനും വിഷുവും പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്നാണ് ഇടത് മുന്നണി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ആവശ്യപ്പെട്ടത്. കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കരുത്. പോസ്റ്റൽ വോട്ട് ലിസ്റ്റ് സ്ഥാനാർഥികൾക്ക് കൂടി ലഭ്യമാക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ തുക ചുമത്തുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.