ഷഹീൻ ബാഗ് കേസിലെ ഹർജി തള്ളി സുപ്രീം കോടതി


ന്യൂഡൽഹി: പ്രതിഷേധിക്കാനുള്ള അവകാശം എന്നത് എവിടെയും എപ്പോഴും പ്രതിഷേധിക്കാനുള്ള അവകാശമല്ലെന്ന് സുപ്രീം കോടതി. പ്രതിഷേധം നടത്തുന്നതിനായി ദീർഘകാലം പൊതുസ്ഥലം കൈയ്യടക്കി വെയ്ക്കുന്നത് അംഗീകരിക്കില്ല. ഷഹീൻ ബാഗ് കേസിലെ പുനഃപരിശോധന ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിഷേധം നടത്താനുള്ള അവകാശം എവിടെയും എപ്പോഴും പ്രതിഷേധം നടത്താനുള്ള ഒന്നല്ല. പെട്ടെന്നുള്ള ചില പ്രതിഷേധങ്ങൾ ഉണ്ടാകാം എന്നാൽ മറ്റുള്ളവരുടെ മൗലികാവകാശത്തെ ബാധിക്കുന്ന രീതിയിൽ

ദീഘകാലം സ്ഥലം കൈയ്യടക്കി വെയ്ക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല. ജസ്റ്റിസുമാരായ എസ്.കെ കൗൾ, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിഷേധത്തിനായി പൊതുസ്ഥലങ്ങൾ പിടിച്ചടക്കാൻ കഴിയില്ലെന്നും നിയുക്ത സ്ഥലങ്ങളിൽ മാത്രമെ പ്രതിഷേധിക്കാൻ സാധിക്കു എന്നും ബെഞ്ച് ആവർത്തിച്ചു. ഷഹീൻ ബാഗ് കേസിൽ പുനപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് 12 ആക്ടിവിസ്റ്റുകൾ നൽകിയ പുനപരിശോധന ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

 പുന:പരിശോധന ഹർജി തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. പ്രതിഷേധം നടത്തുന്നത് ഭരണഘടനാപരമായ അവകാശം തന്നെയാണ്. എന്നാൽ അതിലും ചില കടമകൾ ഉണ്ടെന്നും മുൻ ഉത്തരവിൽ അത് വ്യക്തമാക്കിയിരുന്നതായും കോടതി അറിയിച്ചു. ഇനി അതിൽ പുനഃപരിശോധന നടത്തേണ്ട ആവശ്യം കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിയ മില്യ സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ ക്യാന്പസിനുള്ളിൽ കയറി പൊലീസ് ആക്രമിച്ചെന്നാരോപിച്ചാണ് 2019 ഡിസംബർ 15 നു ഷഹീൻ ബാഗിൽ സമരം തുടങ്ങിയത്. തുടർന്ന് വ്യാപക പ്രതിഷേധത്തിനെതിരെ കോടതി നടപടി സ്വീകരിക്കുകയായിരുന്നു. പ്രതിഷേധം തുടരാമെന്നും എന്നാൽ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് മാത്രമാകണമെന്നും കോടതി അറിയിച്ചിരുന്നു. തുടർന്നാണ് കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed