ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലെത്തിയവർ തെറ്റായ വിലാസം നൽകുന്നതായി ആരോപണം
ന്യൂഡൽഹി: ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയവർ തെറ്റായ വിലാസം നൽകി മുങ്ങിയെന്ന് റിപ്പോർട്ടുകൾ. നൂറോളം പേർ ഇത്തരത്തിൽ കടന്നുകളഞ്ഞെന്നാണ് സൂചന. തെറ്റായ വിലാസമാണ് വിമാനത്താവളത്തിലെ ആരോഗ്യ ഡസ്‌കിൽ നൽകിയത്. കൊറോണ വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഒരുമാസത്തിനിടെ ഇന്ത്യയിലേക്ക് എത്തിയവരെല്ലാവരും പരിശോധന നടത്തണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. നവംബർ 25ന് ശേഷം 33,000 ആളുകളാണ് ബ്രിട്ടണിൽ നിന്നും ഇന്ത്യയിലെത്തിയത്. ജനിതക മാറ്റം വന്ന വൈറസ് ഭീതിപരത്തിയതോടെ ആർടിപിസിആർ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. തുടർന്ന് ഇവരെ അന്വേഷിച്ച് പോയപ്പോഴാണ് പലരുടേും വിലാസം തെറ്റാണെന്ന് തെളിഞ്ഞത്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ബ്രിട്ടണേയും ഇന്ത്യയേയും കൂടാതെ ഡെൻമാർക്ക്, നെതർലാൻഡ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്‌പെയിൻ, സ്വിറ്റസർലാൻഡ്, ജർമനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും ജനതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

