ഫ്രഞ്ച് പൗരത്വത്തിനായി അപേക്ഷ നൽകാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പിതാവ്
പാരിസ്: ഫ്രഞ്ച് പൗരത്വത്തിനായി അപേക്ഷ നൽകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിതാവ് സ്റ്റാൻലി ജോൺസൺ. ബ്രെക്‌സിറ്റിനുശേഷം യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം നിലനിർത്താനായാണ് നടപടിയെന്നും അദ്ദേഹം ഫറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ബ്രിട്ടന്റെ 2016−ലെ റഫറണ്ടത്തിൽ തുടരാൻ വോട്ടുചെയ്ത യൂറോപ്യൻ പാർലമെന്റിലെ മുൻ അംഗമായിരുന്നു സ്റ്റാൻലി ജോൺസൺ. ഫ്രാൻസുമായി ശക്തമായ കുടുംബബന്ധം ഉള്ളതിനാലാണ് ഒരു ഫ്രഞ്ച് പൗരനാകാൻ അദ്ദേഹം ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട്.
“ഞാൻ യഥാർത്ഥത്തിൽ ഫ്രഞ്ച് ആണ്. എന്റെ അമ്മ ഫ്രാൻസിലാണ് ജനിച്ചത്, മുത്തച്ഛനെപ്പോലെ അമ്മയും തികച്ചും ഫ്രഞ്ച് ആയിരുന്നു. അതിനാൽ എന്നെ സംബന്ധിച്ചിടത്തോളം എന്നിലുള്ളത് തന്നെയാണ് എനിക്ക് നേടാനുള്ളത്. ഇത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു.” −എൺപതുകാരനായ ജോൺസൺ പറഞ്ഞു. ഞാൻ എന്നും ഒരു യൂറോപ്യൻ ആയിരിക്കും, അതുറപ്പാണ്. നിങ്ങൾ യൂറോപ്യന്മാരല്ലെന്ന് ബ്രിട്ടീഷ് ജനതയോട് ഒരിക്കലും ആർക്കും പറയാൻ കഴിയില്ല. യൂറോപ്യൻ യൂണിയനുമായി ബന്ധം പുലർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

