ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു ഗ്രാം സ്വർണം; തമിഴ്‌നാട്ടിൽ വിപ്ലവകരമായ ക്ഷേമപദ്ധതിയുമായി വിജയ് സർക്കാർ
ഷീബ വിജയൻ
തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരുഗ്രാം സ്വർണ മോതിരം നൽകുന്ന പുതിയ ക്ഷേമപദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ടിവികെയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന 'തായ് മാമൻ തങ്ക മോതിരം' പദ്ധതിയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ചത്. പദ്ധതിക്കായി പ്രതിവർഷം 755.83 കോടി രൂപ വകയിരുത്തുമെന്നും സർക്കാർ അറിയിച്ചു. മുൻ മുഖ്യമന്ത്രി സിഎൻ അണ്ണാദുരൈയുടെ ജന്മവാർഷിക ദിനമായ സെപ്റ്റംബർ 15ന് പദ്ധതി ഔദ്യോഗികമായി ആരംഭിക്കും. എന്നാൽ 2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച എല്ലാ കുഞ്ഞുങ്ങൾക്കും പദ്ധതി മുൻകാല പ്രാബല്യത്തോടെ ലഭ്യമാകും. ജൂൺ 22 മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനം കൂടിയാണ്. ഓരോ വർഷവും ഏകദേശം നാല് ലക്ഷം കുഞ്ഞുങ്ങൾ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്നതായാണ് കണക്കുകൾ.
പുതുതായി ജനിക്കുന്ന കുഞ്ഞിന് മാതൃസഹോദരൻ സമ്മാനവും അനുഗ്രഹവും നൽകുന്ന പാരമ്പര്യത്തിന്റെ പ്രതീകാത്മക രൂപമായാണ് സർക്കാർ ഈ പദ്ധതിയെ അവതരിപ്പിക്കുന്നത്. കുഞ്ഞുങ്ങളോടും കുടുംബങ്ങളോടുമുള്ള കരുതലിന്റെ അടയാളമായാണ് സർക്കാർ സ്വർണ മോതിരം നൽകുന്നത്. പ്രഗ്നൻസി ആൻഡ് ഇൻഫാന്റ് കൊഹോർട്ട് മോണിട്ടറിങ് ആൻഡ് ഇവാലുവേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും റീപ്രൊഡക്ടിവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഐഡി ഉള്ളതുമായ അമ്മമാരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. റേഷൻ കാർഡ്, വോട്ടർ ഐഡി, ആധാർ കാർഡ്, ക്ഷേമ ബോർഡുകൾ നൽകുന്ന തിരിച്ചറിയൽ കാർഡ്, തപാൽ വകുപ്പിന്റെ വിലാസ രേഖ, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷക്കായി സമർപ്പിക്കേണ്ടിവരും. കുഞ്ഞുങ്ങൾക്ക് ലിംഗഭേദമില്ലാതെ ആനുകൂല്യം ലഭ്യമാകും. ഒന്നിലധികം പ്രസവങ്ങളുള്ള അമ്മമാർക്കും നിയന്ത്രണങ്ങളില്ലാതെ പദ്ധതി പ്രയോജനപ്പെടുത്താമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ വർഷംതോറുമുള്ള 4.42 ലക്ഷം പ്രസവങ്ങളിൽ 54 ശതമാനം മെഡിക്കൽ കോളജ് ആശുപത്രികളിലും 37 ശതമാനം ജില്ലാ, ഉപജില്ല ആശുപത്രികളിലുമാണ് നടക്കുന്നത്. ബാക്കി ഒമ്പത് ശതമാനം പ്രസവങ്ങൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ് രേഖപ്പെടുത്തുന്നത്. പദ്ധതിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി പ്രത്യേക സംസ്ഥാന പ്രോജക്ട്/പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിക്കും. ഓരോ ജില്ലയിലും പ്രത്യേക ലോജിസ്റ്റിക്‌സ് മാനേജർമാരെ നിയമിച്ച് പ്രതിമാസ സ്റ്റോക്ക് പരിശോധന നിർബന്ധമാക്കും. സംസ്ഥാനതലത്തിൽ പ്രത്യേക നോഡൽ ഓഫീസറും മേൽനോട്ടം വഹിക്കും. വിതരണ സംവിധാനം 'ഹബ് ആൻഡ് സ്‌പോക്ക്' മാതൃകയിലായിരിക്കും. മെഡിക്കൽ കോളജ് ആശുപത്രികളുടെ ഡീൻ, ജില്ലാ ആശുപത്രികളിലെ മെഡിക്കൽ സൂപ്രണ്ടുമാരും മോതിരങ്ങളുടെ സംരക്ഷണ ചുമതല വഹിക്കും. 24 മണിക്കൂറും നിരീക്ഷണ സംവിധാനമുള്ള പ്രത്യേക ലോക്കറുകളിലായിരിക്കും മോതിരങ്ങൾ സൂക്ഷിക്കുക. തമിഴ്‌നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴിയാണ് സ്വർണ മോതിരങ്ങൾ വാങ്ങുക. പൂർണ ഇൻഷുറൻസ് പരിരക്ഷയും കൃത്രിമം കണ്ടെത്താനുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങളുമുള്ള പാക്കേജിങ്ങിലൂടെ വിതരണവും നടത്തും. പൊതുജനാരോഗ്യ സംവിധാനത്തെ അടിസ്ഥാന ആവശ്യങ്ങളുടെ ഇടമെന്ന നിലയിൽ നിന്ന് അഭിമാനത്തിന്റെയും ആഘോഷത്തിന്റെയും ഇടമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.
ERWEWDSQW

