ഖാസിം സുലൈമാനിയെ കൊല്ലാൻ ബ്രിട്ടനും ജർമ്മനിയും കൂട്ടുനിന്നുവെന്ന് ഇറാൻ
ടെഹ്‌റാൻ: ഇറാൻ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിൽ ബ്രിട്ടീഷ് സെക്യൂരിറ്റി സ്ഥാപനത്തിനും ജർമ്മൻ എയർബേസിനും പങ്കുണ്ടെന്ന ആരോപണവുമായി ഇറാൻ പ്രോസിക്യൂട്ടർ. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച് ഒരു വർഷം പിന്നിടവെയാണ് ആരോപണവുമായി ഇറാൻ രംഗത്തെത്തിയത്. വാർത്താസമ്മേളനത്തിലാണ് ഇറാനിലെ പ്രോസിക്യൂട്ടറായ അലി അൽക്വാഷ്മിർ ബ്രിട്ടനും ജർമ്മനിക്കുമെതിരെ തെളിവുകൾ നിരത്താതെ ആരോപണം ഉന്നയിച്ചത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുരക്ഷാ കന്പനി ജി4എസ് പങ്കുവഹിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം.
ജനറൽ സുലൈമാനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അദ്ദേഹം എയർപോർട്ടിൽ എത്തിയതിന് പിന്നാലെ ബ്രിട്ടീഷ് കന്പനി ചോർത്തിക്കൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം കനക്കുന്നതിനിടെയാണ് പുതിയ ആരോപണവുമായി ഇറാന്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഇറാന്റെ വിദേശകാര്യമന്ത്രി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.

