ആധാറിന് പിന്നാലെ തിരിച്ചറിയൽ കാർഡും ഡിജിറ്റലാക്കുന്നു

ന്യൂഡൽഹി: ആധാറിന് പിന്നാലെ തിരിച്ചറിയൽ കാർഡും ഡിജിറ്റലാക്കി മാറ്റാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മൊബൈൽ ഫോണിൽ സൂക്ഷിക്കാവുന്നതും വെബ്‌സൈറ്റ്, ഇമെയിൽ എന്നിവയിലൂടെ കൈകാര്യം ചെയ്യാൻ സാധിക്കുന്നതുമായ ഫോട്ടോ പതിപ്പിച്ച ഡിജിറ്റൽ ഐഡികാർഡാണ് കമ്മീഷൻ വിഭാവനം ചെയ്യുന്നത്. ഇത് സംബന്ധിച്ച് വിവിധ മേഖലകളിൽ നിന്ന് നിർദേശം സ്വീകരിച്ചുവരികയാണ്.
വോട്ടർ പട്ടികയിൽ പേര് വന്നാലുടൻ വോട്ടർമാർക്ക് എസ്എംഎസ് മുഖേന നിർദേശം ലഭിക്കും. ഇതോടൊപ്പം നൽകുന്ന ലിങ്കിൽ കയറിയാൽ ഡിജിറ്റൽ വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന ഐഡികാർഡ് വോട്ടെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാം.
ഐഡി കാർഡുകൾ അച്ചടിച്ച് വിതരണം ചെയ്യുന്ന രീതി കാലതാമസം എടുക്കുന്നതിനാലാണ് ആധാർ പോലെ തിരിച്ചറിയൽ കാർഡും ഡിജിറ്റലാക്കാനൊരുങ്ങുന്നത്. കൂടാതെ സോഫ്റ്റ് കോപ്പിയിൽ ഒരു ക്യുആർ കോഡും ഉണ്ടായിരിക്കും. കോഡ് സ്‌കാൻ ചെയ്താൽ അതിൽ നിന്നും വോട്ടറുടെ എൻറോൾമെന്റ് വിശദാംശങ്ങളായ പേര്, ജനനത്തീയതി, വിലാസം എന്നിവ ലഭിക്കും. അതേസമയം വോട്ടർ ഐഡി ഡിജിറ്റലാക്കാനുള്ള പദ്ധതിക്ക് അന്തിമ രൂപം ആയിട്ടില്ല.