പാകിസ്ഥാനിൽ 30 വർഷത്തിനിടെ ജീവൻ നഷ്ടമായത് 138 മാധ്യമപ്രവർത്തകര്‍ക്ക്

ഇസ്ലാമാബാദ് : മാദ്ധ്യമ പ്രവർത്തകർ ഒട്ടും സുരക്ഷിതരും സ്വതന്ത്രരരും അല്ലാത്ത രാജ്യമായി പാകിസ്ഥാൻ. കഴിഞ്ഞ 30 വർഷത്തിനിടെ നൂറിലധികം മാദ്ധ്യമ പ്രവർത്തകരാണ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ് (ഐസിജെ )പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
1990 മുതൽ 2020 വരെ കൊല്ലപ്പെട്ട മാദ്ധ്യമ പ്രവർത്തകരുടെ കണക്കുകളാണ് ഐസിജെ പുറത്തുവിട്ടിരിക്കുന്നത്. ഇക്കാലയളവിൽ 138 മാദ്ധ്യമ പ്രവർത്തകർ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. പാകിസ്ഥാന് പുറമേ ഇറാഖ്, മെക്‌സികോ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലും മാദ്ധ്യമ പ്രവർത്തകർ സുരക്ഷിതരല്ലെന്നും ഐസിജെയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഈ വർഷം 15 രാജ്യങ്ങളിലായി 42 മാദ്ധ്യമ പ്രവർത്തകർ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ പാകിസ്ഥാനിൽ മാത്രം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2019 ൽ ഏഴ് മാദ്ധ്യമ പ്രവർത്തകർ പാകിസ്ഥാനിൽ കൊല്ലപ്പെട്ടതായും കണക്കുകളിൽ ഉണ്ട്.
കഴിഞ്ഞ ആഴ്ച പാകിസ്ഥാനിൽ മാദ്ധ്യമ പ്രവർത്തകനെ അജ്ഞാത സംഘം വീട്ടിൽ കയറി വെടിവെച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐസിജെ കൊല്ലപ്പെട്ട മാദ്ധ്യമ പ്രവർത്തകരുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ മാദ്ധ്യമ സ്വാതന്ത്ര്യമുള്ള രാജ്യമാണെന്ന് അവകാശപ്പെടുന്ന പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് കണക്കുകൾ.