ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി വ്യവസായി ജീവനൊടുക്കി

മീററ്റ്: ഭാര്യയെയും മൂന്ന് മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി. യുപി മീററ്റ് സ്വദേശിയായ വ്യവസായി റയീസ് അഹമ്മദ് ആണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. പരീക്ഷിത്ഗഡ് മേഖലയിലെ ഇയാളുടെ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്.
ഡൽഹിയിൽ ഇരുമ്പ് വ്യാപാരം നടത്തിവരികയാണ് റയീസ്. തൂങ്ങിമരിച്ച നിലയിലായിരുന്നു ഇയാളുടെ മൃതദേഹം. ഭാര്യ റിഹാന മക്കളായ അഫ്വാൻ, ആയത്, ഹൈദർ എന്നിവരുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലും. റയീസിന്‍റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട റിഹാന. പൊലീസ് പറയുന്നതനുസരിച്ച് ഇയാളുടെ ആദ്യഭാര്യ ഏഴ് വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഈ വിവാഹത്തിലുള്ളത് രണ്ട് ആൺമക്കളാണ്. ഭാര്യ മരിച്ച് ഒരുവർഷം കഴിഞ്ഞായിരുന്നു റിഹാനയുമായുള്ള വിവാഹം. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. റിഹാനായും റയീസും തമ്മിൽ വഴക്ക് പതിവായിരുന്നു എന്നാണ് അയല്‍വാസികളുടെ മൊഴി. ഇതിന് പുറമെ ഇയാളുടെ മക്കളും രണ്ടാനമ്മയും തമ്മിൽ ഒത്തുപോകില്ലായിരുന്നു. ഇതും റയീസിനെ അലട്ടിയിരുന്നുവെന്നാണ് റിപ്പോർട്ട്.
സംഭവം നടക്കുന്ന ദിവസവും ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ജീവനൊടുക്കിയത്. ഇത്തരമൊരു കടുംകൈ ചെയ്തതിന് കുടുംബത്തോട് മാപ്പപേക്ഷിച്ചു കൊണ്ട് റയീസ് തയ്യാറാക്കിയ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
'മരണങ്ങൾക്ക് സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് ഖേദപ്രകടനം നടത്തിക്കൊണ്ടുള്ള റയീസിന്‍റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മറ്റൊരു തരത്തിലുള്ള ദുരൂഹതയും നിലവിൽ സംശയിക്കുന്നില്ല. എന്തായാലും അന്വേഷണം നടക്കുന്നുണ്ടെന്ന് മീററ്റ് എസ്പി അജയ് സഹാനി അറിയിച്ചു.